ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ 230 ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കുഴപ്പം സൃഷ്ടിക്കാനിടയുള്ള 2,500 ആളുകളെ കാഷ്മീരിൽ കസ്റ്റഡിയിലെടുത്തുവെന്നും അതിൽ കൂടുതൽ പേരെയും കൗണ്സിലിംഗിനു ശേഷം വിട്ടയച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കലാപവും അക്രമവും നടത്താൻ പാക്കിസ്ഥാൻ തുടർച്ചയായി ശ്രമിക്കുന്നതിന്റെ ശബ്ദരേഖകൾ കിട്ടിയിട്ടുണ്ട്. അതിർത്തിക്ക് 20 കിലോമീറ്ററിനുള്ളിൽ പാക്കിസ്ഥാന്റെ വാർത്താവിനിമയ ടവറുകളുണ്ട്.
കാഷ്മീരിലുള്ള അവരുടെ ആളുകൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ കിട്ടി. “”ഇത്രയധികം ആപ്പിൾ ട്രക്കുകൾ എങ്ങിനെയാണ് പോകുന്നത്. നിങ്ങൾക്കത് തടയാൻ കഴിയുന്നില്ലേ? ഞങ്ങൾ വളകൾ അങ്ങോട്ട് അയയ്ക്കണമോ”? എന്നാണ് ഒരു സന്ദേശമെന്ന് ഡോവൽ വിശദീകരിച്ചു. കാഷ്മീരിൽ അസ്ഥിരത സൃഷ്ടിക്കാനാണ് പാക് ശ്രമം.
ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ തീവ്രവാദികളെയും മറ്റും ഉപയോഗപ്പെടുത്തി പാക്കിസ്ഥാൻ കൂടുതൽ അതിക്രമങ്ങൾ നടത്താതിരിക്കാനുള്ള മുൻകരുതൽ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മൂന്നാം മുറകൾ ഉപയോഗിക്കുന്നില്ല. ഭീകരരെ തുരത്താനാണ് അവിടെ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
ജമ്മു കാഷ്മീരിലെ 199 പോലീസ് സ്റ്റേഷനുകളിൽ പത്തെണ്ണത്തിൽ മാത്രമാണ് നിരോധനാജ്ഞ നിലവിലുള്ളത്. മറ്റിടങ്ങളിൽ നിയന്ത്രണങ്ങളില്ല. 92.5 ശതമാനം പ്രദേശത്തും നിയന്ത്രണമില്ല. നൂറു ശതമാനം ലാൻഡ് ഫോണുകളും പ്രവർത്തിക്കുന്നുണ്ട്. വിദേശികൾ അടക്കം തെരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരുമായി ഡൽഹിയിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ ഡോവൽ പറഞ്ഞു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ഭൂരിപക്ഷം കാഷ്മീരികളും പിന്തുണയ്ക്കുന്നതായി പൂർണ ബോധ്യമുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അവകാശപ്പെട്ടു.