തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പ്രതികളായ പ്രണവും സഫീറും തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങി. കീഴടങ്ങിയ പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ പ്രണവ് പിഎസ്സി പോലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പരീക്ഷാ തട്ടിപ്പിലെ പ്രതികൾക്കു ഉത്തരങ്ങൾ എസ്എംഎസ് ആയി അയച്ചു കൊടുത്തയാളാണ് ഇന്നലെ കീഴടങ്ങിയ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീർ.
നാടകീയമായ രംഗങ്ങളാണ് ഇന്നലെ കോടതിയിൽ അരങ്ങേറിയത്. പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാനായി ഇരുവരും കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇരുവരേയും ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. പ്രണവിനെ നേരത്തെ പിഎസ്സി വിജിലൻസ് വിഭാഗം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞു വിട്ടയച്ചിതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.
പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് പ്രണവ്. ക്രമക്കേട് നടന്നതായി കണ്ടെത്തിയ പോലീസ് കോണ്സ്റ്റബിൾ പട്ടികയിൽ രണ്ടാം റാങ്കുകാരൻ. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിൽ പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇപ്പോൾ ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിക്കുന്നത്. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്കു നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്താൻ അനുമതി ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്.
അതേസമയം പിഎസ്സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ പ്രണവും നസീമും ശിവരഞ്ജിത്തും പിഎസ്സി റാങ്ക് പട്ടികയിൽ ഇടം നേടിയത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയാണെന്നാണ് സൈബർ സെല്ലിന്റെ നിഗമനം. സ്കാനിംഗ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപ്പേപ്പർ ഇമേജ് രൂപത്തിൽ പുറത്തെത്തിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കൾ ഉത്തരങ്ങൾ സന്ദേശങ്ങളാക്കി വാച്ചിലേക്ക് അയക്കുകയും ഇതു സ്വീകരിച്ച് ഇവർ ഉത്തരങ്ങൾ രേഖപ്പെടുത്തുകയുമായിരുന്നു.