നിലന്പൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 1,000 കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകാൻ കേരള ഭവനയാചന യാത്ര സംഘടിപ്പിക്കുമെന്നു ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂർ. നിലന്പൂർ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോകുന്നതിനു മുന്പു പി.വി. അൻവർ എംഎൽഎ, മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുമായി നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര പത്തു ദിവസത്തിനുള്ളിൽ ആരംഭിക്കും. നിരവധി സംഘടനകളിലെയും ക്ലബ്ബുകളിലെയും ചെറുപ്പക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഫണ്ട് പിരിക്കാൻ ഇറങ്ങുന്നത്. ഫണ്ട് ലഭിക്കുന്നതനുസരിച്ചു വീടുകൾ നിർമിച്ചു നൽകിക്കൊണ്ടാണ് യാത്ര മുന്നോട്ടു പോകുക. 12 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കുന്നത്. യാത്രയിൽ കൂടെ കൂടാൻ താത്പര്യമുള്ളവർക്കെല്ലാം ചേരാം.
കേരളത്തിൽ ഏഴു ജില്ലകളിൽ ബോബി ചെമ്മണ്ണൂരിന്റെ ഫാൻസ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പിന്തുണയുമുണ്ടാകും. ബസ് സ്റ്റാൻഡ്, കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ പിരിവ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലന്പൂരിന്റെ കാര്യം പി.വി. അൻവർ എംഎൽഎ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 1,000 വീടുകളിൽ നിലന്പൂരിനു പരിഗണന നൽകുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. വയനാട്ടിൽ നേരത്തെ പോയിരുന്നു. അവിടെ ഭൂമി നഷ്ടപ്പെട്ടവർക്കു രണ്ടേക്കർ നൽകിയിട്ടുണ്ട്.