സോണിപത്: ഹരിയാനയിലെ സോണിപതിൽ ദുരഭിമാനക്കൊല. കുടുംബത്തിന്റെ താൽപര്യത്തിനെതിരായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കൾ കഴുത്തറത്ത് കൊന്നു. ഞായറാഴ്ച സോണിപതിലെ ഗൊഹാന ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ റിതുവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് റിതുവിന്റെ മാതാപിതാക്കൾ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
രണ്ടു മാസം മുമ്പ് കുടുംബത്തിന്റെ താൽപര്യത്തിനെതിരായി അർജുൻ എന്ന യുവാവിനെ റിതു വിവാഹം ചെയ്തു. കഴിഞ്ഞ ദിവസം റിതു സഹോദരി അഞ്ജലിയുമായി ബന്ധപ്പെട്ടു. ശനിയാഴ്ച തനിക്ക് സുഖമില്ലെന്ന് സഹോദരിയോട് റിതു പറഞ്ഞു. സോണിപതിലെ ആശുപത്രിയിൽ ചികിത്സ തേടാൻ അഞ്ജലി ആവശ്യപ്പെട്ടു.
ഇവിടെവച്ച് റിതുവിനെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ റിതുവിനെ കൊലപ്പെടുത്തി. പ്രതികൾ അർജുനേയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപെട്ടു. അർജുൻ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. ഈ സമയം പ്രതികൾ രക്ഷപെട്ടിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.