പാലാ: പാലായുടെ മനസറിയാൻ ഇനി അധികം ദിവസമില്ല. മുന്നണി സ്ഥാനാർഥികൾ പ്രാർഥനയോടെയാണ് ഓരോ ദിവസവും പ്രചാരണത്തിനിറങ്ങുന്നത്. അവധി ദിവസമായിട്ടും മൂവരും ഇന്നലെ പാലായിലെ വിവിധ സ്ഥലങ്ങളിൽ സജീവമായിരുന്നു. സ്ഥാനാർഥികൾ ഇനി കുടുംബ യോഗങ്ങളിലാണ് ശ്രദ്ധ.
ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്നലെ രാവിലെ ഇളംതോട്ടം പളളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. മുത്തോലി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നേരിൽ ചെന്ന് വോട്ടഭ്യർഥിച്ച സ്ഥാനാർഥി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി.
തുടർന്നു ഭരണങ്ങാനം വട്ടോളിയിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കിക്കെടുത്ത് കാണികളെ കയ്യിലെടുത്തു. വൈകുന്നേരം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടന്ന ബൂത്ത് കണ്വൻഷനുകളിലും കമ്മിറ്റിയോഗങ്ങളിലും പങ്കെടുത്തശേഷം രാത്രി വൈകിയാണ് പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചത്.
ബൂത്തു കണ്വൻഷൻനുകൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം മുതൽ കുടുംബയോഗങ്ങൾക്ക് തുടക്കമാകും.
തിരുവോണത്തിനു പിറ്റേന്നു മുതൽ മണ്ഡല പര്യടനവും ആരംഭിക്കും. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് സ്ഥാനാർഥിക്കു വേണ്ടി വോട്ടു തേടും.
എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ ഇന്നു മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനെത്തും. മണ്ഡലത്തിലുടനീളം സ്ഥാനാർഥിയുടെ ചുവരുകളും ബോർഡുകളും നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.ഡിജിറ്റൽ യുഗത്തിലും ചുവരെഴുത്തിനു പ്രാധാന്യം നൽകിയാണ് പ്രചാരണ പ്രവർത്തനങ്ങൾ.