പാലാ: എൻഡിഎ സ്ഥാനാർഥി എൻ. ഹരിയും പ്രാർഥനയോടെയാണ് ഇന്നലെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. രാവിലെ കടപ്പാട്ടൂർ ക്ഷേത്രത്തിലെപ്രാർഥനയ്ക്കു ശേഷം ആരംഭിച്ച പ്രചാരണ പരിപാടി രാത്രി വൈകിയും രാമപുരത്ത് സമാപിച്ചു. മീനച്ചിൽ പഞ്ചായത്തിലെ ഭരതർ മഹാജനസഭയുടെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ മഹാസഭയുടെയും ഓണാഘോഷങ്ങളിൽ പങ്കെടുത്തു.
ഇടമറ്റം അമൃതാനന്ദമയി മഠം സന്ദർശിച്ച് അനുഗ്രഹം വാങ്ങി.നിർണായക സ്വാധീനമുള്ള ചില വ്യക്തികളെ കാണുകയും ചെയ്തു. കിഴപറയാർ പള്ളിയിലെത്തി വോട്ടഭ്യർഥന നടത്തിയ സ്ഥാനാർഥി ഉച്ചയോടെ മണ്ഡലത്തിലെ വിവാഹ, മരണ വീടുകൾ സന്ദർശിച്ചു വൈകുന്നേരം നാലിന് പാലാ എൻഡിഎ കണ്‍വൻഷനിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവർക്കായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. അതിന്റെ പ്രതിഫലനമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉന്നതവിജയം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം
പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ഇന്നലെ രാവിലെ ഇടവക പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസിലെത്തി മാർ മാത്യു അറയ്ക്കലിനെ സന്ദർശിച്ചു. ഭരണങ്ങാനത്തും വിവിധ സംഘടനകളുടെ പരിപാടികളിൽ സംബന്ധിച്ചു. പൈക വൈഎംസിഎയിലും പാലാ ചെത്തിമറ്റത്ത് വിശ്വകർമ്മ ഓഫീസിലും എത്തി വോട്ടഭ്യർഥിച്ചു.
ഉച്ചയോടെ വിവിധ വിവാഹ വേദികളിലെത്തി വധുവരൻമാർക്ക് ആശംസകൾ നേരുകയും പങ്കെടുക്കാനെത്തിയവരോട് വോട്ടഭ്യർഥന നടത്തുകയും ചെയ്തു. ഉച്ചകഴിഞ്ഞ് പാലായിൽ കെടിയുസി സംഘടിപ്പിച്ച തൊഴിലാളി സംഗമത്തിലും കൊല്ലപ്പിള്ളിയിൽ നടന്ന ഐഎൻടിയുസി സമ്മേളനങ്ങളിലും സംബന്ധിച്ചു. ഉച്ചകഴിഞ്ഞ്് നിരവധി ഓണാഘോഷ ചടങ്ങുകളിലും എത്തിചേർന്നു.
വൈകുന്നേരം വിവിധ ബുത്തുകണ്വൻഷനുകളിൽ പങ്കെടത്തു. ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ പാലായിലെത്തി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പ്രചാരണ പ്രവർത്തനങ്ങൾ ചിട്ടയോടെ ക്രമീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ഓരോ പഞ്ചായത്തിലും കോണ്‍ഗ്രസിന്റെ എംഎൽഎമാരുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാണ്ടി ഉമ്മനും ഇന്നലെ പാലായിലെത്തിയിരുന്നു.