വൈപ്പിൻ: മുനന്പം ഹാർബറിൽ പെലാജിക് വല ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകളെയും ഫിഷറീസ് ഉദ്യോഗസ്ഥൻമാർ പീഡിപ്പിക്കുന്നുവെന്ന് ആരോപണം. മുനന്പം എക്സ്പോർട്ട് സീ ഫുഡ് ഡീലേഴ്സ് അസോസിയേഷനാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതുമൂലം ബോട്ടുകൾ പലതും മുനന്പം ഹാർബർ വിട്ടു പോകുകയാണെന്നും അസോസിയേഷൻ പറയുന്നു.
സാധാരണ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്പോൾ ലഭിക്കുന്ന ആകെയുള്ള മത്സ്യത്തിൽ 40 ശതമാനം വരെ ചെറിയ മത്സ്യങ്ങൾ അനുവദനീയമാണെന്നിരിക്കെ ഇത് കണക്കിലെടുക്കാതെ പെലാജിക് വല ഉപയോഗിച്ചതാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്മാർ ബോട്ടുകൾ പിടികൂടി ലക്ഷങ്ങൾ പിഴ ചുമത്തുകയാണ്. എസ്. ശർമ്മ എംഎൽഎ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും മത്സ്യ സംരക്ഷണ സമിതിയുടെയും കൂട്ടായ ചർച്ചയിൽ നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുവാനും നിയമം അനുശാസിക്കുന്ന രീതിയിൽ മത്സ്യബന്ധനം നടത്തുന്നവരെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുതെന്നും തീരുമാനം ഉള്ളതാണ്. ഇതാണ് ഉദ്യോഗസ്ഥർ ലംഘിക്കുന്നത്.
മുനന്പം മേഖലയിൽ പെലാജിക് ട്രോളിംഗ് നിർത്തുവാൻ ബോട്ട് ഉടമ സംഘങ്ങൾ സ്വമേധയാ തയാറാകുകയും അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിലെ പ്രധാന ഹാർബറുകളായ ബേപ്പൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ ഇപ്പോഴും നിരോധിത വല ഉപയോഗിച്ച് മീൻപിടുത്തം നടക്കുകയാണ്. മുനന്പത്തെ മാത്രം കേന്ദ്രീകരിച്ചു ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയും പിഴയടപ്പിക്കലും മത്സ്യ തൊഴിലാളികളുടെ ഇടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.
നിയമം എല്ലായിടത്തും ഒരു പോലെ നടപ്പിലാക്കുവാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെങ്കിൽ വൻ കലാപത്തിന് വഴിയൊരുക്കുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്. യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് നൗഷാദ് കറുകപാടത്ത് അധ്യക്ഷത വഹിച്ചു. സേവ്യർ താണിപിള്ളി, ദിലീപ്, എ. സുരേഷ്, സിദ്ധൻ, സുധാസ് തായാട്ട് എന്നിവർ സംസാരിച്ചു.