കൊച്ചി: മേയർ സൗമിനി ജെയിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നോട്ടീസിൻമേൽ 12 നു നടക്കുന്ന ചർച്ചയിൽ നിന്നു വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനം. ഇതു സംബന്ധിച്ചു ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് കോണ്‍ഗ്രസിന്റെ എല്ലാ കൗണ്‍സിലർമാർക്കും വിപ്പ് നൽകി. ഘടകകക്ഷിയായ മുസ്ലീം ലീഗും വിപ്പ് നൽകിയിട്ടുള്ളതായാണു വിവരം. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക അംഗം കോണ്‍ഗ്രസിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. 38 അംഗങ്ങളുള്ള യുഡിഎഫിൽ മൂന്നു കൗണ്‍സിലർമാർ ഘടകകക്ഷികളിൽ നിന്നാണ്.
നിശ്ചിത എണ്ണം അംഗങ്ങൾ ഇല്ലെങ്കിൽ ചട്ടമനുസരിച്ച് അവിശ്വാസ ചർച്ച നടക്കില്ല. അങ്ങനെവന്നാൽ അവിശ്വാസം തള്ളിപ്പോകും. പിന്നെ ആറു മാസം കഴിഞ്ഞേ വീണ്ടും അവിശ്വാസം കൊണ്ടുവരാൻ സാധിക്കൂ. ഇതു മുന്നിൽ കണ്ടാണു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചയിൽ നിന്നു വിട്ടു നിൽക്കാൻ യുഡിഎഫ് തീരുമാനിച്ചത്. അന്നേദിവസം എല്ലാ കോണ്‍ഗ്രസ് കൗണ്‍സിലർമാരും രാവിലെ 11ന് ഡിസിസി ഓഫീസിൽ എത്താനും ടി.ജെ. വിനോദ് നിർദേശം നൽകി.
വിപ്പ് ലംഘിച്ച് ആരെങ്കിലും യോഗത്തിൽ പങ്കെടുത്താൽ അവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും വിപ്പിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിൽനിന്ന് വിട്ടു നിൽക്കാനുള്ള നിർദേശത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. അവിശ്വാസത്തെ യുഡിഎഫ് ഒറ്റക്കെട്ടായി തോൽപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കോണ്‍ഗ്രസ്, യുഡിഎഫ് പാർലമെന്ററി കമ്മിറ്റികളിലെടുത്ത തീരുമാനം. യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എൽഡിഎഫിന് മുന്നിൽ ബോധപൂർവം തോൽവി സമ്മതിക്കുന്നതാണെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ആവർത്തിക്കപ്പെടാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നതെന്ന വിശദീകരണമാണ് നേതൃത്വത്തിനുള്ളത്.
അന്ന് രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതോടെ കമ്മിറ്റിയിലെ ഭൂരിപക്ഷം യുഡിഎഫിന് നഷ്ടമായിരുന്നു. ഇവർക്കെതിരെ നടപടിയൊന്നും സ്വീകരിക്കാതിരുന്നത് സൗകര്യമായി കണ്ട് ആരെങ്കിലും തെറ്റ് ആവർത്തിച്ചാൽ അത് ഭരണം നഷ്ടമാകുന്ന സ്ഥിതിയിലേക്കു വരെ എത്തും. അതൊഴിവാക്കാനുള്ള മുൻകരുതലായാണ് വിപ്പ്.
യുഡിഎഫിന്റെ നാലുവർഷത്തെ ഭരണത്തിലുള്ള ആത്മവിശ്വാസക്കുറവാണ് വോട്ടെടുപ്പിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന് എൽഡിഎഫ് ആക്ഷേപമുന്നയിച്ചു. കൗണ്‍സിലിൽ യുഡിഎഫിനു നാല് അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട് . അതിന്റെ തന്േറടമെങ്കിലും കാട്ടാൻ കോണ്‍ഗ്രസ് തയാറാകണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ പറഞ്ഞു. നാലുവർഷത്തെ കോർപറേഷന്റെ ഭരണത്തിന്റെ വിലയിരുത്തൽകൂടിയാകുന്ന യോഗം തടസപ്പെടുത്തുക വഴി ഭരണപരാജയം സ്വയം സമ്മതിക്കുകയാണ് നേതൃത്വം. ഈ കൗണ്‍സിലിന്റെ ആരംഭം മുതൽ മേയർ സ്വീകരിച്ചതും ഇതേ നിലപാടാണ്.
വോട്ടെടുപ്പ് ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ കൗണ്‍സിൽ ഹാളിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് മേയർ സൗമിനി ജെയിൻ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. 12ന് ഉച്ചയ്ക്ക് 2.30ന് കളക്ടറുടെ അധ്യക്ഷതയിൽ കോർപറേഷൻ കൗണ്‍സിൽ ഹാളിലാണ് അവിശ്വാസ പ്രമേയ ചർച്ചാ യോഗവും തുടർന്ന് വോട്ടെടുപ്പും നിശ്ചയിച്ചിരുന്നത്. നാല് മണിക്കൂർ ചർച്ചയ്ക്കും ശേഷം വോട്ടെടുപ്പും നടക്കുകയാണ് രീതി.
ഒരാംഗത്തിന് മൂന്ന് മിനിറ്റ് സംസാരിക്കാൻ അവസരം ലഭിക്കും. മൂന്നിൽ രണ്ട് പേർ ഉണ്ടെങ്കിലെ യോഗം ചേരാനാവുകയുള്ളു. യുഡിഎഫ് വിട്ടുനിൽക്കുമെന്നതിനാൽ അവിശ്വാസ പ്രമേയ യോഗം നടക്കാനിടയില്ല. അവിശ്വാസം തള്ളിപ്പോവുകയും ചെയ്യും.