സീമ മോഹൻലാൽ
ഓണത്തിന്റെ ഗൃഹാതുര സ്മൃതികൾ ഒട്ടും ചോർന്നു പോകാതെ ആ നല്ല കാലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുകയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഒരു കൂട്ടം പോലീസുകാർ. ഓർമപ്പൂക്കാലം എന്ന സംഗീത ആൽബമാണ് ഓണസമ്മാനമായി പോലീസുകാർ ഒരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.
’’ഓണക്കാലം ഒരോമൽ പൂക്കാലം
സ്നേഹക്കാലം പൊന്നോണ പൂക്കാലം….’’
എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ബാല്യകാല സൗഹൃദത്തിന്റെ നല്ലൊരു ഓണക്കാലമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന നാലുപേർ. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. സൗഹൃദവും പ്രണയവുമൊക്കെ ഇടകലർന്ന അവരുടെ കുട്ടിക്കാലം.
ഇടയ്ക്കെങ്ങോ ആ സൗഹൃദത്തിന് മുറിവേൽക്കുന്നു. പിന്നീട് ഓരോണക്കാലത്ത് നായകനെ തേടിയെത്തുന്ന മറ്റു മൂന്നു സുഹൃത്തുക്കളുടെ കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തിരുവോണത്തിന് അവർ വീണ്ടും ഒത്തുചേരുന്നു. ബാല്യം വിട്ടെങ്കിലും നാലുപേരും പഴയ ബാല്യത്തിന്റെ നനുത്ത ഓർമകളിൽ വീണ്ടും പൂക്കളമൊരുക്കി ഓണം ആഘോഷിക്കുന്നു.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സിഐ എസ്. വിജയശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസറായ മനോജ്കുമാർ കാക്കൂറിന്റേതാണ് വരികൾ. സംവിധാനം നിർവഹിച്ചിരിക്കുന്നത് സിപിഒ സലീഷ് കരിക്കനാണ്. സിപിഒമാരായ സുരേഷ് വിജയൻ, എബി സുരേന്ദ്രൻ, റോബിൻ ഇഗ്നേഷ്യസ്, സാബു പി.റ്റി, എഎസ്ഐ ജോസഫ് വി.ജെ എന്നിവരാണ് അഭിനേതാക്കൾ. സംഗീതം ശരത് മോഹൻ. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ആൽബം പുറത്തിറക്കിയിരിക്കുന്നത് ഷീ മീഡിയാസ് ആണ്.
ആൽബത്തിന്റെ അണിയറ പ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥരിൽ പലരും മുന്‍പ് ഈ രംഗത്ത് മികവു തെളിയിച്ചവരാണ്. സിഐ വിജയശങ്കർ ഇതിനകം തന്നെ ഓണപ്പൂക്കൾ, കാവലാൾ, പോലീസ് ദ് ഡിഫൻഡേഴ്സ് തുടങ്ങിയ ആൽബങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട്. പോലീസ് പരിപാടികളിലെ മികച്ച ഗായകൻ കൂടിയാണ് സി.ഐ വിജയശങ്കർ.
മനോജ്കുമാർ കാക്കൂർ കഴിഞ്ഞ വർഷം പോലീസിന്റെ ഒൗദ്യോഗിക ഗാനമായി പുറത്തിറങ്ങിയ പോലീസ് ദ് ഡിഫൻഡേഴ്സ്, കേരള ഒളിംപിക് അസോസിയേഷനു വേണ്ടി തീം സോംങ് എന്നിവ ചെയ്തിട്ടുണ്ട്. മേട പൊൻകണിയെന്ന ആൽബത്തിനുവേണ്ടിയും ഗാനമൊരുക്കിയിരുന്നു.
ആൽബത്തിന്റെ സംവിധായകൻ സലീഷ് കരിക്കൻ സിനിമ സംവിധായകനായ ഷാഫിക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്നുണ്ട്. ഒരു യമണ്ടൻ പ്രേമകഥയിലൂടെ ഇദ്ദേഹം ശ്രദ്ധേയനാണ്. എബി സുരേന്ദ്രൻ തെങ്കാശിക്കാറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ നടൻ ബിബിൻ ജോർജ് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിക്കു നൽകിക്കൊണ്ട് സംഗീത ആൽബം പ്രകാശനം ചെയ്യും.