മുക്കം: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും ആന്തൂർ മോഡൽ. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഹൈടെക് കോഴിഫാമിന് മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യം നൽകിയ അനുമതി പിന്നീട് നിഷേധിച്ചത്.ഇതോടെ കുടുംബം ആന്മഹത്യയുടെ വക്കിലാണ് . ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കെട്ടാങ്ങൽ വൈഷ്ണവം വീട്ടിൽ വിഷ്ണുവും കുടുംബവുമാണ്, അധികൃതർ ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന്, ബാങ്ക് ലോൺ തിരിച്ചടയ്ക്കാനാവാതെ ദുരിതമനുഭവിക്കുന്നത്.
15 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച കോഴിഫാമിന് മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. മുൻവൈരാഗ്യത്തെ തുടർന്ന്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ലൈസൻസ് റദ്ദാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവ എൻജിനീയറായ വിഷ്ണു 2016 ലാണ് ഫാം തുടങ്ങാനാവശ്യമായ നടപടികൾ ആരംഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ മുദ്ര ലോൺ പദ്ധതിയിലൂടെ ലഭിച്ച എട്ട് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും മറ്റും വിറ്റു കിട്ടിയ തുകയും ചേർത്താണ് 15 ലക്ഷത്തോളം രൂപ ചെലവിൽ ഫാം നിർമിച്ചത്. ഫാമിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചത് മുതൽ അധികൃതർക്ക് നിരന്തരം പരാതി നൽകി സർക്കാർ ജീവനക്കാരൻ ദ്രോഹിച്ചിരുന്നതായി കുടുംബം പറയുന്നു.
അമ്മ ഉഷാ വിശ്വനാഥന്റെ പേരിലായിരുന്നു ലൈസൻസ് ഉൾപ്പെടെയുള്ള രേഖളെല്ലാം. ഇതോടെ, പരാതി പരിഹരിക്കാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തവണ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി.
വിവിധ വകുപ്പുകൾ നിരന്തരം പരിശോധനയ്ക്കെത്തി. ഒരു ദിവസം രാത്രി പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഇതുകേട്ട് രോഗിയായ അച്ഛൻ തളർന്ന് വീണെന്നും വിഷ്ണു പറഞ്ഞു. ഫാം തുടങ്ങാൻ അഗ്നിരക്ഷാസേനയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും എൻഒസി നിർബന്ധമാണ്. ഇവർ നൽകിയ നിർദ്ദേശ പ്രകാരമാണ് ഫാം നിർമിച്ചത്.
സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് പത്ത് മീറ്റർ അകലത്തിലെ ഫാം നിർമിക്കാവൂ എന്നായിരുന്നു പ്രധാന നിർദ്ദേശം. തുടർന്ന് 2017 മാർച്ചിൽ 1200 കോഴികളെ വളർത്താൻ എൻ.ഒ.സി നൽകുയും ചെയ്തു. എൻ.ഒ.സി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് മുദ്ര ലോൺ ലഭിക്കുന്നത്. ലോൺ പാസാക്കുന്നതിൽ കാലതാമസം വന്നപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലുൾപ്പെടെ പരാതി നൽകിയാണ് വായ്പ ശരിയാക്കിയത്. ഫാം നിർമാണം പൂർത്തിയാകുമ്പോഴേക്കും, 2018 ഏപ്രിലിൽ മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യം നൽകിയ എൻ.ഒ.സി റദ്ദാക്കി.
പിന്നീട്, 2019 ജനുവരിയിൽ 250 കോഴികളെ വളർത്താനുള്ള എൻ.ഒ.സി നൽകി. കഴിഞ്ഞ മാസം ഈ എൻഒസി യും റദ്ദാക്കി. 250 കോഴികളെ വളർത്താൻ അനുമതി നൽകിയ ഫാമിൽ 350 വളർത്തിയെന്ന് കാണിച്ചാണ് ലൈസൻസ് റദ്ദാക്കിയത്. ഫാം പ്രവർത്തിക്കുന്നത് മൂലം കിണർ മലിനമായെന്നും വലിയ ദുർഗന്ധമുണ്ടെന്നുമാണ് ഇയാൾക്കെതിരെയുള്ള പരാതി . പരാതിയെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി വരെ ഫാമിൽ പരിശോധനയ്ക്കെത്തിയതായി കുടുംബം പറഞ്ഞു. ഫാമിന്റെ പ്രവർത്തനം നിലച്ചതോടെ ലോൺ തിരിച്ചടവ് മുടങ്ങി.
ഇതോടെ പൂർവ സൈനികനായ അച്ഛൻ വിശ്വനാഥന്റെ പെൻഷൻ തുക ബാങ്ക് അധികൃതർ തടഞ്ഞുവച്ചെന്ന് വിഷ്ണു പറഞ്ഞു. നട്ടെല്ലിലും രണ്ട് കാലിലും ശസ്ത്രക്രിയ കഴിഞ്ഞ വിശ്വനാഥന് മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഉഷ വിശ്വനാഥൻ പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഫാമാണ് അധികൃതർ പൂട്ടിച്ചത്. ഫാമിനകത്തേക്ക് അധികം ചൂടെത്താതിരിക്കാൻ വെള്ള നിറത്തിലുള്ള ഷീറ്റാണ് ഉപയോഗിച്ചത്. ഫാമിനകത്തെ ചൂട് നിയന്ത്രിക്കാൻ ഫോഗർ സംവിധാനവും കോഴികൾക്ക് ശുദ്ധമായ കുടിവെള്ളമൊരുക്കാൻ നിപ്പിൾ ഡ്രിങ്കർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.