കൊല്ലം: വിദ്യാഭാസക്കുറവ് മൂലവും പരീക്ഷാഭയം മൂലവും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന തീരദേശവാസികളെ പരിശീലിപ്പിച്ച് ലൈസൻസ് എടുക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു പള്ളിത്തോട്ടം എഫ് സി ഡി പി ഹാളിൽ നടക്കും.
മേയർ വി.രാജേന്ദ്രബാബു യോഗം ഉദ്ഘാടനം ചെയ്യും. ;ആർടിഒ വി. സജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൊല്ലം എസിപി പ്രദിപ്കുമാർ മുഖ്യ പ്രഭാഷണം നടത്തും. പള്ളിത്തോട്ടം പോലീസും മോട്ടോർ വാഹന വകുപ്പും ട്രാക്കും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കടലോരത്തെ സാധാരണക്കാരിൽ അനേകർക്ക് ലൈസൻസ് ഇല്ലെന്നു മനസിലാക്കിയ പള്ളിത്തോട്ടം എസ് ഐ പ്രദിപ് ഇപ്പോഴത്തെ പുതിയ നിയമ പശ്ചാത്തലത്തിൽ മുന്നോട്ടു പോയാൽ പല കുടുംബങ്ങളും കടക്കെണിയിലാകുമെന്നു തിരിച്ചറിഞ്ഞു പദ്ധതി നിർദേശിക്കുകയായിരുന്നു.
തുടർന്ന് സി ഐ ദേവരാജന്റെ അനുവാദത്തോടെ അദ്ദേഹം കൊല്ലം ആർ ടി ഒ വി സജിത്തിനെ സമീപിച്ചു കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ട്രാക്കിന്റെ സഹായത്തോടെ ഇങ്ങനെയൊരു പദ്ധതി തുടങ്ങിയത്. ആദ്യപടിയെന്ന നിലയിൽ പള്ളിത്തോട്ടം മുതൽ തങ്കശേരി വരെയുള്ള പ്രദേശത്തു ഇത് നടപ്പിലാക്കുവാനാണ് തീരുമാനം. കടലോരത്തെ ക്രിസ്ത്യൻ മുസ്ലിം പള്ളികളിൽ ഇതിനെക്കുറിച്ചുള്ള അറിയിപ്പ് നൽകി.
തുടർന്ന് പുരോഹിതരുടെയും ജോനകപ്പുറം ജമാ അത് സെക്രട്ടറിയുടെയും കോർപറേഷൻ കൗൺ സിലർമാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പള്ളിത്തോട്ടം എഫ് സി ഡി പി യുടെയും സഹായത്തോടെ രജിസ്ട്രേഷനുകൾ നടത്തി.
ആയിരത്തിനും രണ്ടായിരത്തിനും ഇടയ്ക്കു ആളുകൾ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
എഫ് സി ഡി പി വഴി ഇവരെ അൻപത് പേരെ വീതം വിളിച്ചു വരുത്തി ട്രാക്കിന്റേയും ശ്രീ കല ഡ്രൈവിംഗ് സ്കൂളിന്റെയും സഹായത്തോടെ പരിശീലനം നൽകി ലൈസൻസ് എടുക്കാൻ പ്രാപ്തരാക്കുകയും റോഡിൽ നിയമങ്ങൾ പാലിച്ചു വാഹനമോടിക്കാൻ ബോധവൽക്കരിക്കുകയും ചെയ്യും.