നോയിഡ: ട്രാഫിക് പോലീസുമായുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ യുവാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചെന്ന ആരോപണവുമായി പിതാവ്. ഗാസിയാബാദ് ട്രാഫിക് പോലീസിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
സോഫ്റ്റ്വെയർ കന്പനിയിൽ ജോലി ചെയ്യുന്ന പ്രമേഹരോഗിയായ യുവാവ് മാതാപിതാക്കൾക്കൊപ്പം കാർ ഓടിക്കവെ ഗാസിയാബാദിലെ സിഐഎസ്എഫ് കട്ടിന് അടുത്തുവച്ചു ട്രാഫിക് പോലീസ് തടഞ്ഞു. പുതിയ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്കായായിരുന്നു തടയൽ. ഇതിനിടെ കാർ ഓടിച്ചിരുന്ന മകനും പോലീസുകാരനും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്നു മകൻ മരിച്ചെന്നുമാണു പിതാവ് ആരോപിക്കുന്നത്.
ട്രാഫിക് നിയമത്തിലെ പിഴയ്ക്കു മാത്രമാണു മാറ്റമുണ്ടായിരിക്കുന്നത്. വാഹനം പരിശോധിക്കുന്പോഴും പുറത്തിറങ്ങാൻ ആവശ്യപ്പെടുന്പോഴും മര്യാദ കാട്ടണം. അപകടകരമായ രീതിയിൽ വണ്ടിയോടിച്ചിട്ടില്ല. രണ്ടു വൃദ്ധരായ മനുഷ്യർ വാഹനത്തിലുണ്ടായിരുന്നു. എന്നിട്ടും അവർ ബാറ്റണ് ഉപയോഗിച്ചു കാറിൽ അടിച്ചു. ഇതാണോ വാഹന പരിശോധനയുടെ രീതി. പുതിയ നിയമത്തിൽ ഇതിനു വകുപ്പുണ്ടെന്നു കരുതുന്നില്ല- പിതാവ് പറയുന്നു.
മകൻ മരിച്ചശേഷം, നോയിഡ പോലീസ് സമീപിച്ചെങ്കിലും അപ്പോഴേക്കും തനിക്കു മകനെയും അഞ്ചുവയസുകാരിയായ കൊച്ചുമകൾക്ക് അച്ഛനെയും നഷ്ടപ്പെട്ടിരുന്നതായി പിതാവ് പറയുന്ന വീഡിയോ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രശ്നത്തിൽ ഇടപെടണമെന്നും ഇദ്ദേഹം വീഡിയോയിൽ അഭ്യർഥിക്കുന്നു.