റാഞ്ചി: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ ജാർഖണ്ഡിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരേ കൊലക്കുറ്റമില്ല. തബ്രിസ് അൻസാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പോലീസ്.
പോലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമർശനമുയർന്ന സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊലക്കുറ്റം നിലനിൽക്കുന്ന തെളിവുകൾ ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ്. അതുകൊണ്ട് തന്നെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് വിശദീകരണം.
അൻസാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോർട്ടം നടത്തിയെന്നും രണ്ട് റിപ്പോർട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയർ പോലീസ് ഓഫിസർ എസ് കാർത്തിക് എൻഡിടിവിയോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉന്നത നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ ഉപദേശവും കൊലക്കുറ്റം ചുമത്തിയാൽ നിലനിൽക്കില്ലെന്നായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂണ്‍ 22നാണ് 24കാരനായ തബ്രിസ് അൻസാരി ആൾക്കൂട്ട മർദനമേറ്റ് കൊല്ലപ്പെടുന്നത്.നാലു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
കേസിൽ പോലീസും ഡോക്ടർമാരും അലംഭാവം കാട്ടിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.