അന്പലപ്പുഴ: 66 വയസുകാരന് വാൽവ് ചുരുക്കംമൂലമുള്ള ശ്വാസംമുട്ടലിന്റെ ചികിത്സയിൽ നേടിയ അത്യപൂർവ നേട്ടത്തിന്റെ സന്തോഷത്തിലാണ് ടിഡി മെഡിക്കൽ കോളജിലെ ഒരു കൂട്ടം ഡോക്ടർമാർ. അപൂർവ ബലൂണ്‍ ചികിത്സ ആലപ്പുഴക്കാരനായ ശ്വാസകോശരോഗിയിൽ വിജയകരമായി ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.
35 വർഷത്തിനുമുന്‍പ് ഹൃദയമേലറകളിലെ ഭിത്തിയിൽ ജന്മനായുണ്ടായ ഒരു വിടവ് (എഎസ്ഡി ഏട്രിയൽ സെപ്റ്റ്ൽ ഡിറ്റെക്ട് ) ഈ രോഗിയിൽ ഹൃദയശസ്ത്രക്രിയ മുഖേന ഹൃദയാവരണപടലം ഉപയോഗിച്ച് ചികിൽസിച്ചിട്ടുള്ളതാണ്. ഇതിനുപരിയായി ഈ വ്യക്തിക്ക് കടുത്ത ശ്വാസകോശരോഗമുണ്ടായിരുന്നു.
ഇക്കാരണത്തിൽ പുനർഹൃദയശ്സ്ത്രക്രിയ അതീവ അപകടസാധ്യതയുള്ളതാണ് എന്നിരിക്കെ ശസ്ത്രക്രിയ കൂടാതെയുള്ള ബലൂണ്‍ ചികിത്സ സാധ്യത പരിഗണിക്കുകയായിരുന്നു. നേരത്തെ ശരിയാക്കിയ ഭിത്തിയിലൂടെ ബലൂണ്‍ കടത്തിവിട്ട് വാൽവ് വികസിപ്പിക്കാനുള്ള പദ്ധതി പരീക്ഷിക്കാൻ തീരുമാനി. പ്രത്യേക സാഹചര്യത്തിൽ അത്യപൂർവമായി മാത്രം പരീക്ഷിക്കുന്നതാണ് ഈ ചികിത്സാ രീതി.
മാത്രമല്ല അതിഗുരുതര പ്രത്യാഘാതങ്ങൾക്കും ഒരു പക്ഷേ ദൗത്യ പരാജയത്തിനു തന്നെ സാധ്യതയുണ്ട്. ഇതു മനസിലാക്കിക്കൊണ്ടു തന്നെ നടത്തിയ ആദ്യ രണ്ടു ഉദ്യമങ്ങൾ പരാജയപ്പെട്ടു. എന്നാൽ രോഗിയുടെ സ്നേഹപൂർവമായ നിർബന്ധവും അതിലുപരി ആത്മവിശ്വാസവും മൂന്നാമത്തെ ശ്രമത്തിനു ഡോക്ടർമാരെ പ്രേരിപ്പിക്കുകയായിരുന്നു. ശ്രമം വിജയിച്ചു. ഇത്തരത്തിൽ ഒരു ബലൂണ്‍ ചികിത്സ അത്യപൂർവമായി മാത്രം ശാസ്ത്രലോകത്തു നടത്തിയിട്ടുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു.
ബലൂണ്‍ ചികിത്സയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരുന്നു. ഹൃദ്രോഗവിഭാഗം മേധാവി ഡോ. ശിവപ്രസാദ്, അനസ്തേഷ്യാ വിഭാഗം പ്രഫ.ഡോ. ബിബി , ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. റിതേഷ് എന്നിവരാണ് ഈ അപൂർവ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഇവരെ കൂടാതെ ഹൃദ് രോഗവിഭാഗത്തിലെ ഡോ. സുബൈർ , ഡോ. അബ്ദുൽ സലാം, ഡോ. ഗിരീഷ്, ഡോ. ആഷിഷ് കാത് ലാബ്, സീനിയർ ടെക്നീഷ്യൻ ആൽബി, സ്റ്റാഫ് നഴ്സ് രമ്യ എന്നിവർ പങ്കെടുത്തു.