തൃശൂർ: മോഹൻലാലിന്റെ “ഇട്ടിമാണി’യിലെ മാർഗംകളി വേഷമണിഞ്ഞ് ഒരു സംഘം കലാകാരന്മാർ തൃശൂർ നഗരത്തിൽ ചുറ്റിക്കറങ്ങിയ വീഡിയോ വൈറലായി. ഇട്ടിമാണി റിലീസായ ദിവസം തുറന്ന കാറിൽ ചുറ്റിക്കറങ്ങി തൃശൂരിലെ ബസിലിക്കയിൽ വന്നു തിരികത്തിച്ചു പ്രാർത്ഥിച്ചും, തെക്കേഗോപുര നടയിലെ അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ഓണവിളംബരം നടത്തിയുമാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
സിനിമാസ്വപ്നങ്ങളുള്ള പ്രതിഭകളാണ് ഇങ്ങനെയൊരു വീഡിയോ അണിയിച്ചൊരുക്കിയത്. ഹ്യുണ്ടായിയുടെ ചുവന്ന നിറമുള്ള സെഡാൻ കാറിലാണ് ഇവർ തൃശൂർ നഗരത്തിൽ മാർഗംകളി വേഷമണിഞ്ഞു ചുറ്റിക്കറങ്ങിയത്. ഇട്ടിമാണിയിൽ മോഹൻലാൽ അടക്കമുള്ളവർ പങ്കെടുക്കുന്ന മാർഗംകളി പാട്ടിന്റെ ഈരടികൾ മേന്പൊടിയായുള്ള വീഡിയോയ്ക്കു തിരക്കഥയും സംവിധായകനുമുണ്ട്.
നൃത്തം, നാടകം തുടങ്ങിയവയ്ക്കു വസ്ത്രങ്ങളും കോസ്റ്റ്യൂംസും നൽകുന്ന “വർണ ഡാൻസ് കളക്ഷൻസി’ന്റെ ഉടമയും കലാകാരനുമായ ഡോ. നിഖിൽ വർണ മുന്നോട്ടുവച്ച ആശയമാണ് ഇങ്ങനെയൊരു മൾട്ടിമീഡിയ ആവിഷ്കാരമാക്കിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകുമാർ തിരക്കഥയും സംവിധാനവും നിർവഹിച്ചു.
നിഖിൽ വർണയ്ക്കു പുറമേ, ജവഹർ ബാലഭവനിലെ അധ്യാപകനും സ്കൂൾ ഓഫ് ഡ്രാമയിലെ എംഎ വിദ്യാർഥിയുമായ നിപിൻ, ബെസ്റ്റ് എഫ്എമ്മിലൂടെ പ്രശസ്തനായ ബൈജു, ചിരിക്കുട വെബ് സർവീസിൽ പ്രശസ്തനായ സന്ദീപ്, സോഫ്റ്റ്വെയർ വിദഗ്ധനായ പ്രശാന്ത് എന്നിവരാണ് മാർഗംകളി വേഷമണിഞ്ഞു വീഡിയോയിൽ അഭിനയിച്ചത്.
കാമറ: ഡിൻസണ് ദേവസി, എഡിറ്റിംഗ്: റിച്ചാർഡ്, ചേതന സ്റ്റുഡിയോ, സ്റ്റുഡിയോ: ട്രൂ മീഡിയ, കോസ്റ്റ്യൂംസ്: വർണ ഡാൻസ് കളക്ഷൻസ്.