പുതുക്കാട്: ഇഞ്ചക്കുണ്ട്, മുപ്ലിയം, നന്തിപുലം, ചെങ്ങാലൂർ മേഖലയിൽ പരക്കെ മോഷണം. കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലും ചെങ്ങാലൂർ ചോനേടത്ത് കാവ് ഭഗവതിക്ഷേത്രത്തിലും, ഇഞ്ചക്കുണ്ട് ലൂർദ്ദ് മാത പള്ളിയിലും മുപ്ലിയം പാലത്തിന് സമീപത്തുള്ള രണ്ട് വീടുകളിലുമാണ് മോഷണം നടന്നിട്ടുള്ളത്.
മാക്കോത്ത് മാരാത്ത് മല്ലിക ടീച്ചറുടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ മുൻവശത്തെ ഡോറിന്റെ ചില്ല് തകർത്ത് കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പവനോളം വരുന്ന സ്വർണ്ണമാലയും, 8000 രൂപയും രേഖകളും അടങ്ങുന്ന പേഴ്സും മോഷണം പോയി.
മല്ലിക ടീച്ചറുടെ മകൻ പ്രശാന്തും കുടുംബവും ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ബാഗ്ലൂരുവിൽ നിന്ന് മുപ്ലിയത്തെ വീട്ടിൽ എത്തിയത്. കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് എടുക്കാൻ മറന്നുപോയ പേഴ്സും മാലയുമാണ് നഷ്ടപ്പെട്ടത്. സമീപത്തെ എളന്തോളി രാധാകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ എടുത്താണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.
കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിന്റെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു. ഭണ്ഡാരങ്ങളുടെ ഉള്ളിലെ താഴുകൾ തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ടപ്പെട്ടില്ല. ക്ഷേത്രം ഓഫീസിന്റെ വാതിലും കുത്തിതുറന്ന നിലയിലാണ്. ചെങ്ങാലൂർ ചോനേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരം തകർത്താണ് മോഷണം. മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ഭണ്ഡാരത്തിൽ 3000 രൂപയോളം ഉണ്ടായിരിക്കാമെന്ന് ക്ഷേത്രസമിതിയംഗങ്ങൾ പറഞ്ഞു.
ഇഞ്ചക്കുണ്ട് ലൂർദ്ദ് മാത പള്ളിയിൽ എത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി പതിഞ്ഞിട്ടുണ്ട്. പള്ളിക്ക് താഴെയുള്ള കപ്പേളിയുടെ നേർച്ചപെട്ടിയുടെ താഴു പൊളിച്ചശേഷം പള്ളിയിൽ എത്തിയ മോഷ്ടാക്കൾ അച്ചൻ കിടക്കുന്ന മുറിയുടെ സമീപത്ത് എത്തിയിട്ട് തിരിച്ചു പോവുകയായിരുന്നു. വരന്തരപ്പിള്ളി പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.