എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധേയമായ ചില കഥാപാത്രങ്ങളിലുടെ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രുതിരാജ്. തൃശൂരുകാരിയായ ശ്രുതി ഴാംക്ലാസില് പഠിക്കുമ്പോഴാണ് സിനിമാലോകത്തെത്തുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിത്രം പാതിവഴിയില്‍ മുടങ്ങി.
പിന്നീട് പ്രിയം, ഉദയപുരം സുല്‍ത്താന്‍, ഇളവങ്കോട് ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. എന്നാല്‍ താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം നടി പങ്ക് വച്ചിരിക്കുകയാണിപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇലവങ്കോട് ദേശംവരുന്നത്. മമ്മൂക്കയും ഖുഷ്ബു മാമും പ്രധാന വേഷത്തില്‍. കെ.ജി ജോര്‍ജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്ക്കും പോലും ഉണ്ടായിരുന്നില്ല. പിന്നല്ലേ എട്ടാം ക്ലാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തില്‍ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച് ഉച്ചത്തില്‍ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.
ലൊക്കേഷനില്‍ കളിച്ചു നടക്കുന്ന ഞാന്‍ ഈ ഫീല്‍ഡില്‍ തുടരണമെന്നോ അവസരങ്ങള്‍ വെട്ടിപ്പിടിക്കണമെന്നോ എന്നൊന്നും വിചാരിച്ചില്ല. മമ്മൂക്ക എല്ലാം മനസിലാക്കി കാണണം. ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കു-വടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ…അറിവാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ശ്രുതി പറയുന്നു.