കൊല്ലം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ 41355 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ജില്ലയില്‍ നാല് കോടി 13 ലക്ഷം രൂപ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷനില്‍ നിന്നും അനുവദിച്ചു നല്‍കിയതായി ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു .
അതതു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ഈ തുക തിങ്കളാഴ്ച അവധി ദിനമായിട്ടും തൊഴിലുറപ്പ് വിഭാഗവും സെക്രട്ടറിമാരും ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിച്ചു കൊണ്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലോക് ചടയമംഗലവും (8709 കുടുംബങ്ങള്‍ ) തൊട്ടുപിന്നില്‍ അഞ്ചല്‍ ബ്ലോക്കുമാണ് (8072 കുടുംബങ്ങള്‍ ).
1793 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്കിയ ചിതറ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനത്തും 1757 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്കിയ ഏരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനത്തും 1497 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്കിയ തെന്മല ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. സംസ്ഥാനത്താകെ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 441480 കുടുംബങ്ങക്കായി 44.15 കോടി രൂപയാണ് സര്‍ക്കാര്‍ ഓണസമ്മാനമായി അനുവദിച്ചിട്ടുള്ളത്.