ചണ്ഡീഗഡ്: തെരഞ്ഞെടുപ്പ് റാലിക്കിടെ സഹപ്രവർത്തകനു നേരെ ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. റാലിക്കിടെ കോടാലിയും കൈയിലേന്തി നിൽക്കുന്നതിനിടെയാണ് ഖട്ടർ ബിജെപി നേതാവിനോടു കയർത്തു സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
വാഹനത്തിൽനിന്നു ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ സഹപ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തിനു സ്വർണനിറമുള്ള മഴു സമ്മാനിച്ചു. എങ്ങനെ ശത്രുക്കളെ നശിപ്പിക്കാം എന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഖട്ടർ. ഇതിനിടെ പിന്നിൽ നിന്ന ബിജെപി നേതാവ് മുഖ്യമന്ത്രിയുടെ തലയിൽ കിരീടം വയ്ക്കാൻ ശ്രമിച്ചു.
ഇതിനോടു രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി, ബിജെപി നേതാവിനെ ശകാരിക്കുകയും തലവെട്ടുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നു നേതാവിനോടു മാറിനിൽക്കാനും ആക്രോശിച്ചു. മുഖ്യമന്ത്രിയുടെ ആക്രോശത്തിൽ ഭയന്ന നേതാവ് അദ്ദേഹത്തോടു കൈകൂപ്പി മാപ്പപേക്ഷിച്ചു പിൻമാറുന്നതു വീഡിയോയിൽ കാണാം.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ഉൾപ്പടെയുള്ളവർ മുഖ്യമന്ത്രിയുടെ ആക്രോശത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. കിരീടമണിയിച്ച വ്യക്തി പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹത്തിനു മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ല എന്നുമായിരുന്നു വിവാദത്തോടു ഖട്ടറിന്റെ മറുപടി.