പാലാ: പതിറ്റാണ്ടുകളായി കർഷകർ കൃഷിചെയ്തു നിലനിർത്തുന്ന പുരയിടങ്ങൾ റവന്യു രേഖകളിൽ തോട്ടങ്ങളായി മാറ്റിയെഴുതി കർഷകരെ ദ്രോഹിക്കുന്ന റവന്യു വകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭം ആരംഭിക്കുന്നു. ആദ്യഘട്ടമായി 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ സമ്മേളനം നടത്തും.
പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ ചേർന്ന കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനത്തിൽ ഇൻഫാം പാലാ കാർഷിക ജില്ലാ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻഫാം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണവും ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാന്പറന്പിൽ ആമുഖ പ്രഭാഷണവും നടത്തി.
പുരയിടം-തോട്ടം പ്രശ്നത്തെക്കുറിച്ച് റ്റോമിച്ചൻ സ്കറിയ (കർഷകവേദി പാലാ), 18ന് നടക്കുന്ന കർഷക പ്രക്ഷോഭസംഗമത്തെക്കുറിച്ച് ജനറൽ കണ്വീനർ ജോജി വാളിപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി. കിസാൻ മിത്ര ജില്ലാ പ്രസിഡന്റ് ഡിജോ കാപ്പൻ, സിജോ മഴുവഞ്ചേരിൽ, ജയിംസ് ചൊവ്വാറ്റുകുന്നേൽ, തോമസ് എം. ഈറ്റത്തോട്ട്, സണ്ണി മുത്തോലപുരം, ബേബി പതിപ്പള്ളി എന്നിവർ പ്രസംഗിച്ചു.
18നു നടക്കുന്ന പാലാ സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ കർഷകപ്രതിനിധികളെ ഉൾക്കൊള്ളിച്ച് 101 അംഗ സംഘാടകസമിതിക്കും സമ്മേളനം രൂപം നൽകി. റവന്യു ഉദ്യോഗസ്ഥർക്കും റീ സർവേ ഡിപ്പാർട്ടുമെന്റിനും പറ്റിയ തെറ്റു തിരുത്താതെ കർഷകനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
മൂന്നു സെൻറുകാരനെപ്പോലും തോട്ടമുടമയായി ചിത്രീകരിച്ചിരിക്കുന്നത് ഏറെ വിചിത്രമാണ്. റവന്യുവകുപ്പ് കർഷകരിൽനിന്നു ആവശ്യപ്പെട്ടിരിക്കുന്ന സത്യവാംഗ്മൂലം കൈവശഭൂമിപോലും നഷ്ടപ്പെടുത്തുന്ന കുതന്ത്രമാണ്. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ജനകീയപ്രശ്നത്തിൽനിന്ന് ഒളിച്ചോടുന്നത് ദുഃഖകരമാണ്.
ജനാധിപത്യത്തെ നിർവീര്യമാക്കുന്നതും ജനപ്രതിനിധികളെ നോക്കുകുത്തികളായി മാറ്റി നിർത്തുന്നതുമായ ഉദ്യോഗസ്ഥ ഭരണമാണു കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇക്കൂട്ടരെ തീറ്റിപ്പോറ്റാൻ കർഷകർ പട്ടിണി കിടക്കുന്ന അതിക്രൂരവും ദയനീയവുമായ സ്ഥിതിവിശേഷം ഇനിയും തുടരാനാൻ പാടില്ല. രാഷ്ട്രീയ അടിമകളും വോട്ടുചെയ്യാനുള്ള ഉപകരണങ്ങളും മാത്രമായി കർഷകർ അധഃപതിക്കരുതെന്നും ഇത്തരം ജനദ്രോഹവിഷയത്തിൽ ചങ്കൂറ്റത്തോടെ ഒറ്റക്കെട്ടായി സംഘടിതരായി മുന്നോട്ടുവന്ന് പ്രതികരിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
18-ന് നടക്കുന്ന കർഷക സംഗമത്തിൽ പാലായിലെ സ്ഥാനാർഥികളും
കാഞ്ഞിരപ്പള്ളി/പാലാ: റീസർവേയിലെ അപാകതമൂലം പാലാ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിൽപ്പെട്ട 40,000 കുടുംബങ്ങളിൽപ്പെട്ടവരുടെ വസ്തുവകകൾ അടിസ്ഥാന റവന്യു രേഖയായ ബിടിആറിൽ പുരയിടത്തിനു പകരം തോട്ടമായി തെറ്റായി രേഖപ്പെടുത്തിയ കർഷകരും അവരുടെ കുടുംബാംഗങ്ങളും ദുരിതത്തിലായി.
18ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ളാലം സെന്റ് മേരീസ് (പഴയപള്ളി) പള്ളിയുടെ പാരീഷ്ഹാളിൽ നടക്കുന്ന കർഷക സംഗമത്തിൻ പാലാ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർഥികളായ അഡ്വ. ജോസ് ടോം, മാണി സി. കാപ്പൻ, എൻ. ഹരി തുടങ്ങിയ സ്ഥാനാർഥികൾ മുന്നണി നയം വ്യക്തമാക്കും. റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് “തോട്ടം’ “പുരയിടം’ വിഷയത്തിലെ നിലവിലെ പ്രതിസന്ധിയെപ്പറ്റി വിഷയാവതരണം നടത്തും.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ മോഡറേറ്ററായിരിക്കും. ഇൻഫാം പാലാ കാർഷിക ജില്ലാ പ്രസിഡന്റ് ഫാ. ജോസ് തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടുന്ന കർഷക സംഗമം ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും. ഇൻഫാം ഭാരവാഹികളായ ജോയി മാന്പറന്പിൽ, ഏബ്രഹാം തോമസ്, ജയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിക്കും.
തോട്ടം – പുരയിടം വിഷയത്തിൽ പ്രതിസന്ധിയിലായ കർഷകരുടെ നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള വിവര ശേഖരണവും സമ്മേളനത്തിനോടനുബന്ധിച്ച് രജിസ്റ്റർ ചെയ്യാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു കർഷകർ സമ്മേളനത്തിൽ പങ്കെടുക്കും. റവന്യു രേഖയിലും സെറ്റിൽമെന്റ് രജിസ്റ്ററിലും മുന്പ് രേഖപ്പെടുത്തിയിരിക്കുന്ന ന്ധപുരയിട’ത്തിനുപകരം ന്ധതോട്ടം’ എന്നു തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് പ്രശ്നങ്ങൾക്കു കാണാം.
ഭൂ ഉടമകൾക്ക് വസ്തു കൈമാറ്റം ചെയ്യുവാനോ, ഭാഗഉടന്പടി നടത്തുവാനോ, മക്കൾക്ക് ഇഷ്ടദാനം നൽകുവാനോ, മുറിച്ചു വിൽക്കുവാനോ, മറിച്ചു വിൽക്കുവാനോ സാധിക്കുന്നില്ല. രണ്ടു സെന്റ് സ്ഥലമുള്ളവർക്ക് മുതൽ ഇത് ബാധകമാണ്. പുതിയ വീടു നിർമാണത്തിനും വീടു പുനരുദ്ധരിക്കുന്നതിനും ആവശ്യമായ പെർമിറ്റ് പഞ്ചായത്ത് നിഷേധിക്കുന്നു. വസ്തു പേരിൽ കൂട്ടി എടുക്കുവാൻ സാധിക്കുന്നില്ല. രജിസ്ട്രേഷൻ തടയപ്പെടുന്നു.
ലൈഫ് ഭവന നിർമാണം തടസപ്പെടുന്നു. ബാങ്കുകൾ ഭൂമി ഈടു വസ്തുവായി പിടിക്കുന്നില്ല. ത·ൂലം വായ്പ ലഭിക്കുന്നില്ല. ഭൂമിയുടെ മൂല്യം കുത്തനെ ഇടിയുന്നു. വായ്പ തോതു കുറയുന്നു. ഉത്പാദന കുറവ്, കാലാവസ്ഥ വ്യതിയാനം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളും, മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസ ചിലവുകൾ, ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുക, മറ്റ് കടബാധ്യതകൾക്കും ഇടയിൽ നട്ടംതിരിഞ്ഞ് കടക്കെണിയിലായ കർഷകർക്ക് അടിയന്തര ആവശ്യം വന്നാൽ അൽപ്പം ഭൂമി മുറിച്ചു വിറ്റ് ആവശ്യം നേടുവാൻ സാധിക്കാതെ വരുന്നു.
മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, മീനച്ചിൽ, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാർ, തലപ്പലം, ളാലം എന്നിവയും കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി, എരുമേലി, കാഞ്ഞിരപ്പള്ളി എന്നീ വില്ലേജുകളുമാണ് ഇപ്പോൾ പ്രധാന പ്രശ്നബാധിത സ്ഥലങ്ങൾ.
ചെറുതും വലുതുമായ ഭൂ ഉടമകൾ തങ്ങൾക്ക് കംപ്യൂട്ടറിൽനിന്നു ലഭിക്കുന്ന രസീതിൽ ഭൂമിയുടെ ഇനം രേഖപ്പെടുത്തിയിരിക്കുന്നത് ഉറപ്പുവരുത്തണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. തോട്ടമെങ്കിൽ തിരുത്തുവാനുള്ള നിയമ നടപടി സ്വീകരിക്കണം. റവന്യൂരേഖകളിൽ വസ്തുവിന്റെ യഥാർഥ ഇനം ഇന്നും “പുരയിടം / നിലം’ എന്നു മാത്രമേയുള്ളു. സർക്കാർ ഉത്തരവിൻറെയോ, നിയമത്തിന്റെയോ പിൻബലമില്ലാതെയാണ് “തോട്ടം’ എന്ന ഇനം തെറ്റായി രേഖപ്പെടുത്തിയത്.
ഇതു പരിഹരിക്കാൻ വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ് എന്നിവടങ്ങളിൽ കയറിയിറങ്ങി നടക്കുന്ന കർഷകരെ നിയമത്തിന്റെ പല കുരുക്കുകൾ പറഞ്ഞ് അധികാരികൾ മടക്കിയയയ്ക്കുന്നു.