ഡൽഹി: ജനാധിപത്യം ആപത്തിലാണെന്നും ലഭിച്ച ജനവിധിയെ ഏറ്റവും അപകടകരമായ രീതിയിലാണ് ബിജെപി സർക്കാർ ദുരുപയോഗിക്കുന്നതെന്നും കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായാൽ പോരെന്നും കോണ്ഗ്രസ് പ്രവർത്തകർ ജനങ്ങളുടെ ഇടയിലേക്ക് നേരിട്ടിറങ്ങണമെന്നും എഐസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന കോണ്ഗ്രസ് നേതൃയോഗത്തിൽ സോണിയ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കലും തെറ്റായ രീതിയിലുള്ള ജിഎസ്ടിയുമാണ് സാന്പത്തിക മുരടിപ്പിലേക്കു രാജ്യത്തെ നയിച്ചതെന്ന് സോണിയയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും കുറ്റപ്പെടുത്തി.
തൊഴിൽ നഷ്ടവും സാന്പത്തിക തകർച്ചയും ഉണ്ടാക്കുന്ന സാന്പത്തിക മാന്ദ്യത്തിൽ പ്രതിഷേധിച്ച് അടുത്തമാസം 15 മുതൽ 25 വരെ രാജ്യമൊട്ടാകെ കോണ്ഗ്രസ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനു മുന്നോടിയായി പിസിസികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 28 മുതൽ 30 വരെ എല്ലാ സംസ്ഥാനങ്ങളിലും കോണ്ഗ്രസ് പ്രവർത്തക കണ്വൻഷൻ നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ മാത്രം ഇടപെടലുകളും സാന്നിധ്യവും ഒതുക്കരുത്. ജനങ്ങളുടെ ഇടയിലേക്കിറങ്ങി ചെന്ന് അവരുമായി നേരിട്ടും ബന്ധം സ്ഥാപിക്കുകയെന്നതു പ്രധാനമാണ്. ജനകീയ പ്രശ്നങ്ങളിൽ സാധാരണക്കാരോടൊപ്പം കോണ്ഗ്രസുകാർ സജീവമായി അണിനിരക്കണം: സോണിയ കർശന നിർദേശം നൽകി.
മഹാത്മാ ഗാന്ധി, സർദാർ പട്ടേൽ, ബി.ആർ. അംബേദ്കർ തുടങ്ങിയ നേതാക്കളെ പോലും തെറ്റും അപകടകരവുമായ ലക്ഷ്യത്തോടെ ദുരുപയോഗിക്കുകയാണെന്നും സോണിയ പറഞ്ഞു.
രാജ്യത്തെ സാന്പത്തിക നില മെച്ചപ്പെടുത്താൻ ഫലപ്രദമായ നടപടികളാണു വേണ്ടതെന്നും വ്യാജ പ്രചാരണങ്ങളും ദുർവ്യാഖ്യാനം ചെയ്ത വാർത്തകളും പുതിയ തലമുറയെ കുറ്റപ്പെടുത്തുന്ന മണ്ടൻ തിയറികളുമല്ല വേണ്ടതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ പരിഹസിച്ചു.
എഐസിസി ആസ്ഥാനത്തു നടന്ന ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുടെയും യോഗത്തിൽ മൻമോഹൻ സിംഗ്, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, കെ.സി. വേണുഗോപാൽ എന്നിവരായിരുന്നു വേദിയിൽ.
പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കമുള്ള നേതാക്കളെല്ലാം പങ്കെടുത്തു. കേരളത്തിലെ തിരക്കുകൾ മൂലം നേതാക്കളെ പ്രതിനിധീകരിച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും പങ്കെടുത്തു. കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്നു സോണിയയുടെ അധ്യക്ഷതയിൽ ചേരും.
കോണ്ഗ്രസ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് പ്രേരക്മാർ അല്ലെങ്കിൽ പ്രചോദകരായി എല്ലാ സംസ്ഥാനങ്ങളിലും ഏതാനും സജീവ നേതാക്കളെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനം എടുക്കും.
ജോർജ് കള്ളിവയലിൽ