ന്യൂഡൽഹി: രാജ്യത്തെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. ധനമന്ത്രി നിർമല സീതാരാമന്റെയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെയും വിവാദ പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു ജയറാം രമേഷിന്റെ ട്വീറ്റ്. ഇത്തരത്തിലുള്ള മന്ത്രിമാരുള്ളപ്പോൾ ദൈവത്തിനു മാത്രമേ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനാവു എന്നായിരുന്നു ട്വീറ്റ്.
വാഹന വിപണിയിലെ മുരടിപ്പിനു കാരണം പുതുതലമുറ ടാക്സി വാഹനങ്ങൾ ഉപയോഗിക്കുന്നതാണെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന. രാജ്യത്തെ പുതുതലമുറയിലുള്ളവർ യാത്രകൾ ഒല, ഉൗബർ ടാക്സികളിലേക്ക് മാറ്റിയതിനെ തുടർന്നാണ് ടൂ വീലർ, ഫോർ വീലർ വാഹനങ്ങളിൽ വിൽപ്പന ഇടിവുണ്ടായതെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഗുരുത്വാകർഷണം കണ്ടെത്തിയത് ഐൻസ്റ്റൈൻ ആണെന്ന തരത്തിലുള്ള പ്രസ്താവനയാണ് പിയൂഷ് ഗോയലിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ട്രോളുകൾക്ക് ഇടയാക്കിയിരിക്കുന്നത്. സാന്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനിൽ കാണുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റൈൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ട്രില്യൻ ഡോളറിന്റെ സന്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കിൽ രാജ്യത്തിന് 12% വളർച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളർച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള ടെലിവിഷനുകളിൽ പറയുന്ന കണക്കുകൾ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റൈനെ സഹായിച്ചിട്ടുള്ളത്.
കൃത്യമായ സൂത്രവാക്യങ്ങളും മുൻകാല അറിവുകൾക്കും പിന്നാലെ പോയിരുന്നെങ്കിൽ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല- പിയൂഷ് ഗോയൽ പറഞ്ഞു. ഐൻസ്റ്റൈൻ കണക്കുപയോഗിച്ച് ഗുരുത്വാകർഷണം കണ്ടുപിടിക്കേണ്ട ആവശ്യം വന്നില്ല, ന്യൂട്ടൺ അത് കണ്ടുപിടിച്ചിരുന്നെന്നും ജയറാം രമേഷ് ട്വിറ്ററിൽ കുറിച്ചു.