കുറ്റിപ്പുറം: തമിഴ്നാട്ടിലെ മധുര ജില്ലയിൽ വാടിപ്പട്ടിയിൽ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ചു മലപ്പുറം ജില്ലയിലെ നാലു പേരടക്കം അഞ്ചു പേർ മരിച്ചു. ഏഴു പേർക്കു ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുറ്റിപ്പുറം പേരശന്നൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മക്കളായ ഫസൽ (21), സഹന (ഏഴ്), കാർ ഡ്രൈവർ വളാഞ്ചേരി മൂടാൽ സ്വദേശി ളിഹാർ (47), ബൈക്ക് യാത്രക്കാരനായ ദിണ്ഡിഗൽ സ്വദേശി പഴനിച്ചാമി (41) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ വാടിപ്പട്ടിക്കു സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. നാട്ടിൽ നിന്നു മധുര വഴി ഏർവാടിയിലേക്കു പോവുകയായിരുന്നു ഇവർ. ഇതിനിടെ മധുരയിൽ നിന്നു ആന്ധ്രയിലേക്കു പോവുകയായിരുന്ന മറ്റൊരു കാർ വഴിയിലുള്ള ഒരു ബൈക്കിൽ ഇടിച്ചശേഷം വശത്തേക്കു തിരിക്കുന്നതിനിടെ കുറ്റിപ്പുറത്തു നിന്നു സഞ്ചരിച്ച സംഘത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞു ഓടികൂടിയ നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത് ംആശുപ്ത്രിയിലെത്തിച്ചത്. ആന്ധ്രയിലേക്കുള്ള സംഘത്തിലെ സഞ്ജിത, പ്രവീണ്‍, കിരണ്‍ എന്നിവർക്കു ഗുരുതര പരിക്കേറ്റു. പഴനിച്ചാമിയോടൊപ്പം ബൈക്കിൽ സഞ്ചരിച്ച പാണ്ടിദുരൈയ്ക്കു പരിക്കുണ്ട്. മൃതദേഹങ്ങൾ ദിണ്ഡിഗൽ സർക്കാർ ആശുപത്രി മോർച്ചറിയിൽ. വിവരമറിഞ്ഞ് ഇന്നലെ തന്നെ കുറ്റിപ്പുറത്തെ ബന്ധുക്കൾ ദിണ്ഡിഗലിലേക്കു തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.