പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ പാർട്ടി സസ്പെൻഷൻ നടപടി നേരിട്ട പി.കെ. ശശി എംഎൽഎ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് കഴിഞ്ഞദിവസം ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനകമ്മിറ്റി തീരുമാനം ശരിവച്ചതോടെ അടുത്ത ജില്ലാ കമ്മിറ്റിയോഗത്തിൽ പി.കെ. ശശിക്ക് പങ്കെടുക്കാം.
ജില്ലാകമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞയാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽചേർന്നചേർന്ന സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. കഴിഞ്ഞ നവംബറിലാണ് പി.കെ. ശശി എംഎൽഎ സസ്പെൻഷന് വിധേയനായത്. ആറുമാസത്തേക്കായിരുന്നു ഇത്. മേയിൽ സസ്പെൻഷൻ കാലാവധി പൂർത്തിയാവുകയും ചെയ്തിരുന്നു. എന്നാൽ പി.കെ. ശശി ഏതുഘടകത്തിൽ പ്രവർത്തിക്കണമെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല.
പാർട്ടിയിലെ ഒൗദ്യോഗികപക്ഷത്തിന്റെ പിന്തുണയും ജില്ലാകമ്മിറ്റിയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. കാരണം സസ്പെൻഷൻ കാലയളവിൽതന്നെ മുഖ്യമന്ത്രിയുമായും അന്വേഷണകമ്മീഷനംഗം എ.കെ. ബാലനുമായും ഇദ്ദേഹം വേദിപങ്കിട്ടത് ചർച്ചയായിരുന്നു. ഇതെല്ലാം പി.കെ. ശശിയുടെ തിരിച്ചുവരവിന്റെ ശക്തമായ സൂചനകളായിരുന്നു നൽകിയത്.
പി.കെ. ശശിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം നേരത്തെ സംസ്ഥാനകമ്മിറ്റി തേടിയിരുന്നു. ഈ യോഗത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലേക്കുതന്നെ തിരിച്ചെടുക്കണമെന്ന് വാദം ഒൗദ്യോഗികപക്ഷത്തിൽ നിന്നുതന്നെയാണ് ഉയർന്നതത്രെ. അതേസമയം പാർട്ടിയുടെ കീഴ്ഘടകത്തിൽതന്നെ തുടർന്നാൽമതിയെന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു.
തുടർന്നാണ് സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കുമെന്ന് അറിയിച്ചത്. സസ്പെൻഷൻ കാലയളവിൽ അദ്ദേഹത്തിന്റെ മാതൃകാപരമായ പെരുമാറ്റവും ജില്ലാകമ്മിറ്റിയിൽ വിലയിരുത്തപ്പെടുകയും സംസ്ഥാനകമ്മിറ്റിയിൽ റിപ്പോർട്ടുചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതും ജില്ലാകമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് തുണയായി.