ഗാന്ധിനഗർ: ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആരും തിരിഞ്ഞു നോക്കാനില്ല. കാമുകിയും സ്വന്തം വീട്ടുകാരും കൈവിട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കുന്ന യുവാവിനെ നോക്കാനാളില്ല. ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ രാവിലെ മുതൽ കാമുകിയുമൊത്ത് കഴിഞ്ഞ യുവാവ് വൈകുന്നേരത്തോടെയാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച സംഭവമുണ്ടായത്. രക്ഷപ്പെടുത്തിയ കാമുകി യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങുകയായിരുന്നു.
രണ്ടു മക്കളുടെ പിതാവും അയർക്കുന്നം സ്വദേശിയുമായ യുവാവാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കടുവാക്കുളത്ത് ഭർത്താവും രണ്ട് മക്കളുമൊത്ത് താമസിക്കുന്ന കാമുകിയും യുവാവിനെ കൈവിട്ടു.
യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് കാമുകി മെഡിക്കൽ കോളജിനുസമീപത്തുള്ള ലോഡ്ജിലേക്ക് എത്തിയത്. ഇരുവരും ചേർന്ന് മുറിയെടുത്ത് കഴിയുകയായിരുന്നു. രാവിലെ 11നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് കുമാർ ലോഡ്ജിലെ ബെഡ്ഷീറ്റ് ഉപയോഗിച്ചു ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
കാമുകി പോകാൻ ശ്രമിച്ചത് കാമുകൻ തടഞ്ഞു. ഇതേ ചൊല്ലിയുള്ള വാക്കു തർക്കമാണ് തൂങ്ങാൻ കാരണം. കാമുകി യുവാവിന്റെ കാലിൽ പിടിച്ച് ഉയർത്തി ഉറക്കെ നിലവിളിച്ചു. ഈ സമയം ലോഡ്ജിലെ മറ്റുതാമസക്കാരുടെ സഹായത്തോടെ യുവാവിനെ താഴെയിറക്കി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിക്കുകയുമായിരുന്നു. സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് യുവാവിനെ മാറ്റിയതോടെ കാമുകി ഭർത്താവിനെ വിളിച്ചു വരുത്തി രക്ഷപ്പെടുകയായിരുന്നു.
കാമുകിക്കൊപ്പം ലോഡ്ജിൽ കഴിഞ്ഞ വിവരമറിഞ്ഞതാകാം ഇയാളുടെ ബന്ധുക്കൾ ആരും തന്നെ ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ് അവിടെ നിന്നുള്ള വിവരം.