വലിയപറമ്പ്: ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് പന്ത്രണ്ട് ഇനം വിഭവങ്ങളോടെ ഓണസദ്യ. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഓണമൂട്ടുന്നത് മുടങ്ങാതെ പന്ത്രണ്ടാം വർഷത്തിലേക്ക് കടന്നു.
ഇടയിലെക്കാട് കാവിനോടു ചേർന്ന് ഡെസ്കും കസേരയും നിരത്തിവച്ച് പഴങ്ങളും പച്ചക്കറികളുമടങ്ങിയ സദ്യയിൽ ഇത്തവണ അവിട്ടം നാളിൽ വിഭവങ്ങളായി പഴുത്തചക്ക, പപ്പായ, സപ്പോട്ട, പേരയ്ക്ക, തക്കാളി, പൈനാപ്പിൾ, വത്തക്ക, വാഴപ്പഴം, കക്കിരി, ക്യാരറ്റ്, ബീറ്റ്റൂട്ട്, പാഷൻഫ്രൂട്ട് എന്നിവ വാഴയിലയിൽ നിറയെ വിഭവങ്ങൾ വിളമ്പി.
കാവിലെ വാനരപ്പടയ്ക്ക് നിത്യവും ചോറൂട്ടുന്ന ചാലിൽ മാണിക്കമ്മയുടെ നേതൃത്വത്തിലാണ് കുരുന്നുകൾ വിഭവങ്ങൾ വിളമ്പിയത്. പത്തരയ്ക്ക് നിശ്ചയിച്ച സദ്യ പതിനൊന്നായതോടെ വാനരപ്പട പ്രധാന പാതയിലേക്കിറങ്ങി. പന്ത്രണ്ടാം വർഷത്തിൽ പന്ത്രണ്ട് വിഭവങ്ങളോടെയായിരുന്നു സദ്യവിളമ്പിയത്.
ജൈവവൈവിധ്യ സമ്പന്നമായ ഇടയിലെക്കാട് കാവിലെ വാനരപ്പടയുടെ എണ്ണം നേരത്തെ അഞ്ചായി ചുരുങ്ങിയപ്പോൾ തൃശൂർ മൃഗശാലയുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ കുരങ്ങുകളുടെ പ്രജനനശേഷിയെ നശിപ്പിക്കുന്നത് ഉപ്പുചേർത്ത ഭക്ഷണമാണെന്ന് കണ്ടെത്തി.
ഇതിന്റെ തുടർ പ്രവർത്തനമായി ആവിഷ്കരിച്ചതായിരുന്നു ബോധവത്കരണത്തിലൂന്നിയുള്ള ഓണസദ്യ. ഇവർക്ക് സദ്യ വിളമ്പാൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും കുരുത്തോലയും ചെമ്പരത്തിയുടെയും ആനത്തകരയുടെയും പൂക്കൾ തൂക്കിയൊരുക്കിയ തോരണങ്ങളും ബാനറും ഇവർ പിടിച്ചുവലി തുടങ്ങിയിരുന്നു.
പൂവിളിയുമായി വൈകിയെത്തിയ കുട്ടിപ്പടയോടായി പിന്നീടവരുടെ കുറുമ്പ്. മാണിക്കമ്മ വിളമ്പിയ ചോറിനൊപ്പം സ്റ്റീൽ ഗ്ലാസിൽ വെള്ളവും ഒഴിച്ചു നൽകി. വീണ്ടും വിക്രിയകൾ കാട്ടാൻ തുടങ്ങിയപ്പോൾ മാണിക്കമ്മ പറഞ്ഞൊതുക്കിയും കുരുന്നുകൾക്ക് പ്രത്യേക പരിഗണന നൽകിയുമുള്ള ഓണസദ്യ കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ആളുകളെത്തി.
നവോദയ ഗ്രന്ഥാലയം പ്രസിഡന്റ് പി.വി. പ്രഭാകരൻ, സെക്രട്ടറി പി. വേണുഗോപാലൻ, വലിയപറമ്പ് പഞ്ചായത്ത് അംഗം വി.കെ. കരുണാകരൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, ബാലവേദി കൺവീനർ എം. ബാബു, ബാലവേദി ഭാരവാഹികളായ ആര്യ എം. ബാബു, വി. ഫിദൽ എന്നിവർ നേതൃത്വം നൽകി.