വെള്ളിക്കുളങ്ങര: വില്ലേജോഫീസുകൾ കുത്തിതുറന്ന് രശീതി ബുക്കുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. ചട്ടിക്കുളം മംഗലത്ത് വീട്ടിൽ മണി എന്ന മണിക്കുട്ടനാണ് (40) പിടിയിലായത്. വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ് കുത്തിതുറന്ന് രശീത് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഇന്നു പുലർച്ചെ മൂന്നോടയാണ് ഇയാളെ വെള്ളിക്കുളങ്ങര പോലീസ് കൈയോടെ പിടികൂടിയത്.
മറ്റത്തൂർ, കോടശേരി വില്ലേജ് ഓഫീസുകൾ നേരത്തെ കുത്തിതുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വില്ലേജ് ഓഫീസുകളിൽ നിന്ന് നഷ്ടപ്പെട്ട രശീതുകളിൽ ചിലത് കണ്ടെടുത്തിട്ടുണ്ട്.
മൂന്നുമുറിയിലുള്ള ഭാര്യവീട്ടിലാണ് ഇയാൾ താമസിക്കുന്നത്. ഇന്നു പുലർച്ചെ പട്രോളിംഗിനിറങ്ങിയ പോലീസാണ് ഇയാളെ പിടികൂടിയത്. വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിതുറന്ന് അകത്തു കടന്ന ഇയാൾ ഒരു രശീതുബുക്കും ലാപ്ടോപ്പും മോഷ്ടിച്ച് പുറത്തുകടക്കാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്.