കെ.എൽ. രാഹുലിനെ പുറത്താക്കി ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി രോഹിത് ശർമയെ പരീക്ഷിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ നീക്കം ഫലപ്രാപ്തിയിൽ എത്തുമോ. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യൻ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഇപ്പോൾ തെരയുന്നത്.
ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ രോഹിത് ഓപ്പണറായിട്ടുണ്ട്. എന്നാൽ, ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ രോഹിത് ഇന്ത്യൻ ടീമിൽ ഒരു സ്ഥിരാംഗം പോലുമല്ലെന്നതാണ് വാസ്തവം. എന്നാൽ, ഏകദിന, ട്വന്റി-20 ഓപ്പണറെ ടെസ്റ്റിലും ആ സ്ഥാനത്ത് പരീക്ഷിക്കാനുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്.
കെ.എൽ. രാഹുലിന്റെ നിരാശാജനകമായ പ്രകടനമാണ് രോഹിത്തിന് ഓപ്പണറാകാനുള്ള വഴി തെളിച്ചത്. കഴിഞ്ഞ 12 ഇന്നിംഗ്സുകളിൽ ഒരിക്കൽപ്പോലും 50+ സ്കോർ നേടാൻ രാഹുലിനു സാധിച്ചിരുന്നില്ല. പുതുമുഖമായ ശുഭ്മാൻ ഗിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഓപ്പണറായി രോഹിത്തിനെയാണ് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടക്കമുള്ള പ്രമുഖർ രോഹിത്തിനെ ഓപ്പണറാക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. മായങ്ക് അഗർവാളിനൊപ്പം നിലവിൽ ഓപ്പണ്‍ ചെയ്യാൻ ഏറ്റവും അനുയോജ്യൻ രോഹിത് ആണെന്നാണ് ഗാംഗുലിയുടെ പക്ഷം.
ഓപ്പണ്‍ പ്രശ്നം
ടെസ്റ്റ് ക്രിക്കറ്റിൽ ലോക ഒന്നാം റാങ്കുകാരാണ് ഇന്ത്യ എങ്കിലും 2018നുശേഷം സ്ഥിരമായൊരു ഓപ്പണിംഗ് സഖ്യം ഇല്ലെന്നതാണ് വാസ്തവം. ഏഴ് ഓപ്പണർമാരെയാണ് ഇക്കാലയളവിൽ ഇന്ത്യ പരീക്ഷിച്ചത്. കെ.എൽ. രാഹുൽ, മുരളി വിജയ്, ശിഖർ ധവാൻ, പാർഥിവ് പട്ടേൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി എന്നിവരാണ് ഇക്കാലയളവിൽ ഇന്ത്യയുടെ ഓപ്പണിംഗ് റോളിലെത്തിയത്.
അതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് 13 ടെസ്റ്റിൽ ഇറങ്ങിയ രാഹുലിന് ആയിരുന്നു. 22.31 ശരാശരിയിൽ 491 റണ്‍സ് മാത്രമാണ് രാഹുൽ നേടിയത്. പൃഥ്വി ഷായ്ക്ക് ആണ് (118.50) ഇതിൽ ഏറ്റവും മികച്ച ശരാശരിയുള്ളത്. മായങ്ക് (39.28), ധവാൻ (27.36) എന്നിവരും രാഹുലിനേക്കാൾ ശരാശരിയുള്ളവർതന്നെ. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട പൃഥ്വി ഷാ വിലക്ക് നേരിടുന്നതാണ് ഇന്ത്യയുടെ പ്രശ്നത്തിന്റെ അടിസ്ഥാനം. നവംബറിലാണ് ഷായുടെ വിലക്ക് അവസാനിക്കുക.
രോഹിത് ടെസ്റ്റിൽ
ടെസ്റ്റിൽ രോഹിത് ശർമ ഇതുവരെ ഓപ്പണ്‍ ചെയ്തിട്ടില്ല. മുപ്പത്തിരണ്ടുകാരനായ മുംബൈ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വെറും മൂന്ന് പ്രാവശ്യം മാത്രമാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്, 2009-12ൽ.2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് രോഹിത് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇതുവരെ 27 ടെസ്റ്റിലെ 47 ഇന്നിംഗ്സിൽനിന്ന് 1585 റണ്‍സ് ആണ് സന്പാദ്യം.
കഴിഞ്ഞ വർഷം തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ ദയനീയ പ്രകടനത്തോടെ ടീമിൽനിന്ന് പുറത്താക്കപ്പെട്ടു. നാല് ഇന്നിംഗ്സിൽ 78 റണ്‍സ് മാത്രമായിരുന്നു അന്ന് നേടിയത്. എന്നാൽ, ഓസീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റിൽ രോഹിത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിൻഡീസ് പര്യടനത്തിൽ വിഹാരിക്കായി പുറത്തിരിക്കേണ്ടിയുംവന്നു.