പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹനപര്യടനത്തിനു കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ ഇന്നു രാവിലെ തുടക്കമായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ.മാണി എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, എം വിൻസന്റ് എം എൽഎ തുടങ്ങി യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാർഥിച്ചതിനുശേഷമാണ് പര്യടനത്തിനു ജോസ് ടോം തുടക്കം കുറിച്ചത്. മേവടയിലെ ഉദ്ഘാടനത്തിനു ശേഷം മൂലേത്തുണ്ടി, തോടനാൽ, മനക്കുന്ന്, കപ്പിലിക്കുന്ന്, പന്നിയാമറ്റം, കളപ്പുരയ്ക്കൽ കോളനി വഴി കൊഴുവനാൽ ടൗണിലെത്തി.
കൊഴുവനാൽ ടൗണിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർഥിക്ക് വൻ സ്വീകരണം ലഭിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് മുത്തോലി പഞ്ചായത്തിലെ സ്വീകരണത്തിനു തുടക്കമാകും. തുരുത്തിക്കുഴി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെല്ലിയാനിയിൽ സമാപിക്കും.
മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു
എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ തുറന്ന വാഹനത്തിലുള്ള പര്യടനം തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്തുനിന്ന് ആരംഭിച്ചു. രാവിലെ എട്ടിന് പനയ്ക്കപ്പാലം ടൗണിൽ നടന്ന സമ്മേളത്തിൽ മന്ത്രി എം.എം.മണി പര്യടനം ഉദ്ഘാടനം ചെയ്തു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, ജനാധിപത്യ കേരള കോണ്ഗ്രസ് നേതാവ് വക്കച്ചൻ മറ്റത്തിൽ, സി.കെ. ശശിധരൻ, സിബി തോട്ടുപുറം, ഷാജി കടമല, സണ്ണി തോമസ്, ടി.പി.പീതാംബരൻ മാസ്റ്റർ തുടങ്ങിയ എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു.
എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. മേലന്പാറ, തേവർപാടം, പ്ലാശനാൽ, കാളകെട്ടി, തെള്ളിയാമറ്റം, ഓലായം, ഇളപ്പുങ്കൽ, വെട്ടിപ്പറന്പ്, കളത്തുക്കടവ് എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. തലനാട് പഞ്ചായത്തിലെ സ്വീകരണം 11.30ന് ശ്രായത്തുനിന്ന് ആരംഭിച്ചു. പത്തോളം സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ഉച്ചകഴിഞ്ഞ് 3.30ന് തലനാട്ടിൽ പര്യടനം സമാപിക്കും. 3.45ന് മൂന്നിലവ് പഞ്ചായത്തിലെ കൂട്ടക്കല്ലിൽ നിന്നും ആരംഭിക്കുന്ന പര്യടനം 6.15ന് മൂന്നിലവ് ടൗണിൽ സമാപിക്കും.
പി.സി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു
എൻഡിഎ സ്ഥാനാർഥി എൻ. ഹരിയുടെ പര്യടനം തലനാട് പഞ്ചായത്തിൽനിന്ന് ആരംഭിച്ചു. ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്തു. ചാമപ്പാറയിൽനിന്ന് ആരംഭിച്ച പര്യടനത്തിനു വെള്ളയായി, മേലടുക്കം ബാലവാടി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
10നു മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റത്തുനിന്ന് ആരംഭിച്ച പര്യടനം അഞ്ചുകുടിയാർ, മങ്കൊന്പ്, കൂട്ടക്കല്ല് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് വാകക്കാട് സമാപിക്കും. തുടർന്ന് ഇടമറുകിൽനിന്ന് ആരംഭിക്കുന്ന പര്യടനം മേലുകാവ് കുരിശുങ്കൽ കവലയിൽ സമാപിക്കും. തുടർന്ന് കടനാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് സ്വീകരണം.