ചേർത്തല: പാലായിൽ ഹിന്ദു സ്ഥാനാർഥികളെ നിർത്താത്തത് ഇടതു വലതു മുന്നണികളുടെ കപടമതേതരത്വത്തിനു തെളിവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി ചേർത്തല യൂണിയൻ നടത്തിയ ജയന്തിദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മതേതരത്വം വാക്കിൽ മാത്രമുള്ളതാണെന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവർത്തിക്കുകയാണ്. തുഷാർ നീതിക്കായി നടത്തിയ പ്രവർത്തനങ്ങളിൽ പോലും വർഗീയത കണ്ടവർ ഒടുവിൽ സത്യം വിജയിച്ചപ്പോൾ കണ്ണടച്ചു. മോഷ്ടിച്ചും അഴിമതി നടത്തിയും ജയിലിലായവരെ വാഴ്ത്തിയും കെണിയിൽപെട്ട് അകത്തായവരെ യാഥാർഥ്യം പറയാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന സമീപനമാണുണ്ടായത്.
എസ്എൻഡിപി യോഗം ഒരു സമുദായത്തിനും എതിരല്ലെന്നും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ നിവർന്നു നിൽക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തുന്നതെന്നും വെള്ളാപ്പളളി നടേശൻ പറഞ്ഞു. പ്രതിഭകളെ മന്ത്രി പി.തിലോത്തമൻ ആദരിച്ചു. എ.എം. ആരിഫ് എംപി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
പി.ടി. മന്മഥൻ ജയന്തി സന്ദേശവും, ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി. മംഗല്യനിധി സിനിമാതാരം വർഷ പ്രസാദ് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അധ്യക്ഷനായി. സെക്രട്ടറി വി.എൻ ബാബൂ, ഡി.ജ്യോതിഷ്, പി.ജി രവീന്ദ്രൻ, അഞ്ജലി, വി.ശശികുമാർ, ടി.അനിയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.