കോഴിക്കോട്: സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ഫയര്‍ഫോഴ്സിന്റെ കണ്ടെത്തല്‍. ഏതാനും ചില ആഭരണ നിര്‍മാണ ശാലകളില്‍ മാത്രമാണ് തീയണയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കിയതെന്നും ഭൂരിപക്ഷം ആഭരണ നിര്‍മാണശാലകളും അപകടകരമാം വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഫയര്‍ഫോഴ്സിന്റെ കണ്ടെത്തല്‍.
നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ഫയര്‍ഫോഴ്സ് നടപടികള്‍ ആരംഭിച്ചു. പ്രധാന നഗരങ്ങളിലേയും തിരക്കേറിയ സ്ഥലങ്ങളിലേയും ആഭരണ നിര്‍മാണ ശാലകള്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത് . കോഴിക്കോട് ജില്ലയിലെ ആഭരണ നിര്‍മാണ ശാലകളില്‍ ചിലതിന് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബീച്ച് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ പാനോത്ത് അജിത്കുമാര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ആഭരണനിര്മാണശാലകളില് സ്വര്‍ണം ഉരുക്കാനും മറ്റും ചെറിയ ഗ്യാസ് സിലണ്ടറാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള നിര്‍മാണത്തിനിടെ തീപൊരിയില്‍ നിന്ന് തീപടരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. തീപടരുന്നത് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെങ്കില്‍ സമീപത്തെ കടകളിലേക്കും മറ്റും പടര്‍ന്ന് വന്നാശനഷ്ടമുണ്ടാവും. ഈ സാഹചര്യം കണക്കിലെടുത്താണ് ഫയര്‍ഫോഴ്സ് ആഭരണ നിര്‍മാണ ശാലകള്‍ക്ക് നോട്ടീസ് നല്‍കിയത്.
തീയണയ്ക്കാനുള്ള സംവിധാനം നിര്‍മാണ ശാലകളില്‍ വേണമെന്നാണ് നിര്‍ദേശം. അടുത്തിടെ കോഴിക്കോട് രണ്ടിടത്തായി ആഭരണ നിര്‍മാണശാലകളില്‍ തീപിടിത്തമുണ്ടായിരുന്നു. ജീവനക്കാര്‍ ജാഗ്രതപാലിച്ചതിനാല് കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ഇതേതുടര്‍ന്നാണ് മറ്റു നിര്‍മാണശാലകള്‍ക്ക് കൂടി നോട്ടീസ് നല്‍കിയത്.
പലരും തീയണയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് ഫയര്‍ഫോഴ്സിനെ അറിയിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കുന്നതിന് പുറമേ ജീവനക്കാര്‍ക്കും മറ്റും ബോധവത്കരണ ക്ലാസ് സംഘിപ്പിക്കുമെന്നും സ്റ്റേഷന് ഓഫീസര്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ആഭരണനിര്‍മാണ ശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അസോസിയേഷനെ ബന്ധപ്പെടും.
ഇവരെ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധ്യപ്പെടുത്തുകയും പിന്നീട് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കാനുമാണ് ഫയര്‍ഫോഴ്സ് ലക്ഷ്യമിടുന്നത്. ബോധവത്കരണത്തിന് ശേഷവും മുന്‍കരുതല്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നിയമനടപകിടള് സ്വീകരിക്കുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.