കണ്ണാടിപ്പറമ്പ്:പുല്ലൂപ്പിക്കടവ് പാലവും പരിസരവും പ്രകൃതി സൗന്ദര്യാസ്വാദകരുടെ ഇഷ്ടകേന്ദ്രമാവുമ്പോഴും ടൂറിസംപദ്ധതി അവഗണനയിൽ തന്നെ. വൈകുന്നേരങ്ങളിൽ ഈ പുഴയോരത്തേക്ക് വരുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കാട്ടാമ്പള്ളി തണ്ണീർത്തടത്തിന്റെ ഭാഗമായ ഈ പ്രദേശത്ത് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾക്കുള്ള സാധ്യതകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
നാറാത്ത് പഞ്ചായത്തിലുള്ള പുല്ലൂപ്പി പാലത്തിൽ സൗരോർജ റാന്തലുകൾ സ്ഥാപിക്കാൻ ഭരണസമിതി തീരുമാനിച്ചതിന് ശേഷം തുടർനടപടികൾ കടലാസിൽ മാത്രമായി. എന്നാൽ സഞ്ചാരികളെ ആകർഷിക്കാനായി ഇത് കൂടാതെ മറ്റ് നിരവധി ഭൗതിക വികസന പ്രവർത്തനങ്ങളും ഇവിടെ ആവശ്യമാണ്. സൂര്യാസ്തമയം കാണാനെത്തുന്നവർക്കായി പാലത്തിനിരുവശവുമുള്ള സമീപറോഡുകളിൽ കൈവരി, ഇരിപ്പിടങ്ങൾ, പൂന്തോട്ടങ്ങൾ, ശൗചാലയങ്ങൾ എന്നിവ ഉണ്ടാകണം.
ഇതിനായി ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലങ്ങൾ ഇവിടെയുണ്ട്. കാട്ടാമ്പള്ളി, വള്ളുവൻകടവ്, പറശിനിക്കടവ്, വളപട്ടണം എന്നീ സ്ഥലങ്ങളിലേക്ക് ബോട്ട് സർവീസ് നടത്തുന്നതിന് ഇവിടെ സാധ്യതാപഠനം നടത്തി അനുകൂലമായ റിപ്പേർട്ട് സമർപ്പിച്ചതാണ്. ഇതിനായി ബോട്ട് ജെട്ടി, നടപ്പാതകൾ എന്നിവ പരിസ്ഥിതി സൗഹൃദമായി നിർമിക്കണം.
ഈ പ്രദേശത്തുള്ള തീർഥാടന കേന്ദ്രങ്ങളും ടൂറിസവികസനത്തിന് അനുയോജ്യമായതാണ്. വെള്ളത്താൽ ചുറ്റപ്പെട്ട അഗസ്ത്യകൂടം ക്ഷേത്രം, വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രം, കോട്ടഞ്ചേരി പുതിയ ഭഗവതി ക്ഷേത്രം, ക്രിസ്ത്യൻ പള്ളി കൂടാതെ വിശാലമായ കണ്ടൽക്കാടിന്റെ വന്യതയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാവുകയാണ്.
ടൂറിസം വകുപ്പുമായി സഹകരിച്ച് വെള്ളിക്കീൽ മാതൃകയിലുള്ള വിനോദ സഞ്ചാര വികസനമാണ് ഇവിടെ ആവശ്യം. ഇതിനായുള്ള ഒരു മാസ്റ്റർ പദ്ധതി തയാറാക്കി ജില്ലാപഞ്ചായത്തിന് നാറാത്ത് പഞ്ചായത്ത് സമർപ്പിച്ചിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട തണ്ണീർത്തട പ്രദേശമായ ഇവിടെ 234 പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 66 എണ്ണം ദേശാടന പക്ഷികളാണ്.
മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിന്റെ ഒരു ഭാഗമായ ഇവിടെ പക്ഷിനിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പക്ഷികൾ കൂടുതലായി വന്നുചേരാറുള്ള ഇവിടെ മണ്ണിട്ടു നകത്തിയുള്ള നിർമാണ പ്രവർത്തനങ്ങൽ പാടില്ലെന്ന് കാട്ടാമ്പള്ളി പക്ഷിസംരക്ഷണ സമിതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.പകരം പക്ഷികൾ വന്നിരിക്കാനുള്ള കുറ്റികൾ നാട്ടുകയോ മരം വച്ച് പിടിപ്പിക്കുകയോ ചെയ്യണം. ദൂരെയുള്ള പക്ഷികളെ നിരീക്ഷിക്കാൻ ഒബ്സർവേറ്ററി ടവർ സ്ഥാപിക്കണം. വാഹനങ്ങളുടെ പാർക്കിംഗ് പാലത്തിനിരുവശവും അരക്കിലോമീറ്റർ അകലെയായിരിക്കണം ഇതെല്ലാം.
കണ്ണൂർ നഗരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി തണ്ണീർത്തടത്തിന് മുഖ്യപങ്കുണ്ട്. മുമ്പ് പ്രഭാതങ്ങളിൽ ഈ പ്രദേശത്തെ താപനില 22 ഡിഗ്രി സെൽഷ്യസാണ്. അതിനാൽ തണ്ണീർത്തട സംരക്ഷണത്തോടൊപ്പമുള്ള പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാണ് ഇനിയാവശ്യമെന്ന് കണ്ണാടിപ്പറമ്പിലെ വ്യാപാരികൾ പറയുന്നു.