ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ മൃഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ?. കേൾക്കുമ്പോൾ അൽപ്പം അസ്വാഭാവികമായി തോന്നിയേക്കാം എന്നാൽ സത്യമാണ്. തെലുങ്കാനയിലെ കരീംനഗറിലെ ഹുസുറാബാദ് ടൗണിലാണ് സംഭവം.
എൻജിഒ പ്രവർത്തകർ നട്ട കുറച്ച് വൃക്ഷത്തൈകൾ തിന്നതിന്റെ പേരിൽ നിയമനടപടി നേരിടുന്നത് കുറച്ച് ആടുകളാണ്. ഇത് കണ്ട പ്രവർത്തകർ ആടുകളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ഉടമ 1,000 രൂപ പിഴയായി നൽകിയതിന് ശേഷമാണ് ആടുകളെ സ്റ്റേഷനിൽ നിന്നും വിട്ടത്. “സേവ് ദ് ട്രീസ്’ എന്ന പേരിലുള്ള ഒരു സംഘടന നട്ട 150ഓളം വൃക്ഷത്തൈകളാണ് രണ്ട് ആടുകൾ തിന്നത്.
ഞങ്ങൾ ആടിനെ അറസ്റ്റ് ചെയ്തതല്ലെന്നും മൃഗങ്ങളെ അറസ്റ്റ് ചെയ്യുവാനും ശിക്ഷിക്കുവാനും ഇന്ത്യൻ പീനൽ കോഡിൽ ഒരു വകുപ്പും ഇല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം. ആടുകളുടെ മേൽ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണമെന്നും ആടുകൾ കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുവാൻ പാടില്ലെന്നും ഉടമയ്ക്ക് താക്കീത് നൽകിയതിന് ശേഷമാണ് പോലീസുകാർ ആടുകളെ തിരികെ നൽകിയത്.