രാജകുമാരി: ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ പേമാരിയെത്തുടർന്ന് ഉരുൾപൊട്ടൽ. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ ഓടി രക്ഷപെട്ടു. മരങ്ങൾ കടപുഴകി വീണും കല്ലും മണ്ണും പതിച്ചും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാവിലെ 11 മുതൽ മതികെട്ടാൻ ദേശീയോദ്യാനം ഉൾപ്പെടെയുള്ള പ്രദേശത്ത് കനത്ത മഴയായിരുന്നു. വൈകുന്നേരം നാലോടെ മലമുകളിൽ ഉരുൾ പൊട്ടുകയും മലവെള്ളവും മണ്ണും പാറക്കൂട്ടങ്ങളും വൻതോതിൽ ദേശീയപാതയിലേക്ക് പതിക്കുകയുമായിരുന്നു.
നിരവധി വാഹനങ്ങളാണ് ഈസമയം ഇതുവഴി സഞ്ചരിച്ചിരുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്കുമീതെ മണ്ണ് പതിച്ചെങ്കിലും യാത്രക്കാർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. മതികെട്ടാൻ ചോല വനമേഖലയിൽ മണിക്കൂറുകളോളം പേമാരിക്ക് സമാനമായി മഴ പെയ്തെങ്കിലും പൂപ്പാറ, ബോഡിമെട്ട്, ബി.എൽ റാം തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്തില്ല.
തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഗതാഗതം തടസപ്പെട്ടതിനെതുടർന്ന് റോഡിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ശാന്തൻപാറ എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസും ദേശീയപാത വിഭാഗവുംചേർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഏറെ ശ്രമകരമായാണ് തടസങ്ങൾ നീക്കിയത്.