ചേർത്തല: ലഹരിമരുന്ന് മണപ്പിച്ച് ബോധംകെടുത്തി സ്വർണാഭരണം കവർന്നതായി ചേർത്തല പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ആശാവർക്കറായ വയലാർ പഞ്ചായത്ത് 13-ാം വാർഡിൽ മാന്തറ പ്രകാശന്റെ ഭാര്യ വത്സമ്മ (54) യെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ തീരദേശപാതയിൽ 11-ാം മൈൽ ജംഗ്ഷനു പടിഞ്ഞാറ് പിഎസ് കവലയിലെ റെയിൽവെ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയോടെ വത്സമ്മയെ കാണാനില്ലെന്ന് കാട്ടി മകൻ ചേർത്തല പോലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കളെ കാണിക്കുകയും അവർ തിരിച്ചറിയുകയുമായിരുന്നു.സെപ്തംബർ രണ്ടിന് വയലാർ കവലയ്ക്ക് സമീപം ഫീൽഡ് പ്രവർത്തനത്തിനിടെ ആശാവർക്കരായ വത്സമ്മയെ അജ്ഞാതൻ ലഹരി മരുന്ന് മണുപ്പിച്ച് ആറേകാൽ പവന്റെ സ്വർണം തട്ടിയെടുത്തതായി ചേർത്തല പോലീസിൽ മൊഴി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണം. രാവിലെ 10ന് നടന്ന സംഭവത്തിന് ശേഷം രാത്രി 8.30 ഓടെ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്ന ഇവർ ബോധം വീണ്ടെടുത്തെന്നും ഫോണിൽ വീട്ടുകാരെ വിളിച്ചറിയിച്ചാണ് രക്ഷപ്പെട്ടെന്നും മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മക്കൾ: പ്രണവ്, ആവണി. അതേസമയം മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ചിലരെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണോയെന്ന് സംശയിക്കുന്നതായും സ്വർണം തട്ടിയെടുത്ത സംഭവം ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും ചേർത്തല പോലീസ് പറഞ്ഞു.