കോതമംഗലം: പാലത്തിന്റെ കോണ്ക്രീറ്റ് തൂണുകളിൽ മരം വളർന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-വാരപ്പെട്ടി റോഡിൽ കോഴിപ്പിള്ളിയാറിനു കുറുകെയുള്ള പാലത്തിലാണ് വട്ടമരം വളർന്നു പന്തലിച്ചു നിൽക്കുന്നത്. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
മണ്ണിന്റെ സാന്നിധ്യമില്ലാത്ത കോണ്ക്രീറ്റ് തൂണിലാണ് മരത്തിന്റെ നിൽപ്പ്. തൂണിലാകെ പടർന്നു കയറിയ വേരുകൾ പുഴയിലേക്കെത്തിയിരിക്കുകയാണ്. തൂണിനു ബലക്ഷയം സംഭവിക്കാനും പാലത്തിന്റെ തകർച്ചക്കും മരം കാരണമാകുമെന്ന് ആശങ്കയുണ്ട്. മരം മുറിച്ചുനീക്കണമെന്ന ആവശ്യം നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ അനുമതിയില്ലാതെ മരംമുറിക്കാൻ പറ്റില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
പുഴയിലേക്കു നീണ്ടിട്ടുള്ള വേര് മണ്ണിൽ പിടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഭീഷണിയില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. മരത്തിന്റെ ശിഖരങ്ങൾ റോഡിലേക്കാണ് ചാഞ്ഞുകിടക്കുന്നത്. പാലത്തിനോട് ചേർന്നു മറ്റൊരുമരവും വളർന്നു നിൽക്കുന്നുണ്ട്. ഭാവിയിൽ റോഡിലെ വാഹന ഗതാഗത്തിന് മരച്ചില്ലകൾ ഭീക്ഷണിയാകാനുമിടയുണ്ട്.