കോതമംഗലം: കോതമംഗലം മേഖലയിൽ ലഹരി ഉപയോഗം ക്രമാതീതമായി കൂടുന്നത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാലയങ്ങളുള്ള കോതമംഗലം കേന്ദ്രീകരിച്ച് ലഹരി മാഫിയ വളരുന്നത് നാടിനെ പേടിപ്പെടുത്തുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും കോതമംഗലം മേഖലയിൽ മുൻ കാലങ്ങളെക്കാൾ വളരെയധികം കൂടുതലാണ്.
തമിഴ്നാട്, ഉത്തരേന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തുന്ന കിലോക്കണക്കിന് കഞ്ചാവ് ഉത്പന്നങ്ങൾ രണ്ട് ഗ്രാം തൂക്കത്തിൽ ചെറിയ പൊതികളാക്കിയാണ് ചില്ലറ വിൽപ്പന നടത്തിവരുന്നത്. ആവശ്യക്കാർക്ക് ബൈക്കിലാണ് കഞ്ചാവ് എത്തിച്ചു നൽകുന്നത്. പിടിക്കപ്പെടുമെന്ന് സംശയം തോന്നിയാൽ കഞ്ചാവു പൊതികൾ വലിച്ചെറിയുകയാണ് പതിവ്. തൊണ്ടിമുതൽ സഹിതം പിടികൂടുന്നതിൽനിന്ന് ഇവർ തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്യും.
കിലോയ്ക്ക് 2000 മുതൽ 5000 വരെ നൽകി വാങ്ങുന്ന ചെറുകിട വിൽപനക്കാർ ചെറുപൊതികളാക്കി വിറ്റു കഴിയുന്പോൾ 60000 ത്തോളം രൂപയാണ് ഒരു കിലോയിൽനിന്നു നേടുന്നത്. കഞ്ചാവിൽനിന്ന് ഓയിൽ, ചരസ് തുടങ്ങി മറ്റ് ലഹരി പദാർഥങ്ങൾ ഉത്പാദിപ്പിച്ച ശേഷം അവശേഷിക്കുന്ന ചണ്ടിയിൽ എലിവിഷം പോലുള്ള മാരക വിഷങ്ങൾ ചേർത്ത് വിൽപ്പന നടത്തുന്നതായും പറയപ്പെടുന്നു.
ലഹരിക്കായി ഗ്യാസ് ലൈറ്ററുകളിലെ ടോപ്പ് പൊട്ടിച്ച് വലിക്കുന്നതും വ്യാപകമാകുന്നതായി വിവരമുണ്ട്. പെയിന്റിനൊപ്പം ചേർക്കുന്ന ടിന്നറും വൈറ്റ്നറും കൂട്ടിക്കലർത്തി ലഹരി കണ്ടെത്തുന്നവരുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവും നിരോധിക്കപ്പെട്ട മരുന്നുകളും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും കൂടുതലും നടക്കുന്നത്.
ലഹരി വ്യാപനത്തോടൊപ്പം മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും വ്യാപകമായി നടക്കുന്നതായി നാട്ടുകാർ പറയുന്നു. ലഹരിക്കടിമകളാക്കിയശേഷം ഉപഭോക്കാക്കളെ തന്നെ വിൽപനയ്ക്കും കൈമാറ്റത്തിനും ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
വൻ മാഫിയയിലെ പ്രധാന കണ്ണികളായ വ്യക്തികളുടെ നേരിട്ടുള്ള ഇടപെടലുകൾ പ്രദേശത്ത് ലഹരി വിൽപന ഊർജിതമാകുന്നതിന് സഹയമാകുന്നതായും സംശയിക്കുന്നു. വല്ലപ്പോഴും അധികൃതരുടെ പരിശോധനയിൽ പിടിയിലാകുന്നത് അവസാന കണ്ണികളായ ഇതര സംസ്ഥാന തൊഴിലാളികളായിരിക്കും. പിന്നിൽ പ്രവർത്തിക്കുന്ന ഉന്നതർ രക്ഷപ്പെടുന്നതും പതിവാണ്.
കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി ഉന്നതരെ പിടികൂടുമെന്ന് എക്സൈസും പോലീസും പറയുന്നുണ്ടെങ്കിലും ആരും പിടിക്കപ്പെടാറില്ലെന്ന ആരോപണം ശക്തമാണ്. വിദ്യാലയങ്ങൾ കേന്ദീകരിച്ചും ഒരുപറ്റം യുവാക്കൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി ആക്ഷേപമുണ്ട്. വിദ്യാർഥികളെ മയക്കുമരുന്നിന് അടിമപ്പെടുത്തി അവരെ ഉപയോഗിച്ചാണ് വിദ്യാലയങ്ങളോടനുബന്ധിച്ച് വിൽപ്പന നടക്കുന്നത്.
കഴിഞ്ഞ ദിവസം കോതമംഗലം എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽനിന്നു നാലു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഴിഞ്ഞ നാളുകളിൽ പലവട്ടം നിരോധിത മരുന്നുകളുൾപ്പെടെ പിടികൂടിയിട്ടുണ്ട്. അധികൃതർ അന്വേഷണം കൂടുതൽ ശക്തമാക്കി മയക്കുമരുന്നു മാഫിയയുടെ കടന്നുകയറ്റത്തെ ചെറുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.