തൃശൂർ: ഓണം കെങ്കേമമായി…പാതാളത്തിലേക്ക് തിരിച്ചുപോകും മുന്‍പ് അങ്ങയോട് ചിലത് ഉണർത്തിക്കാനുണ്ട് മേയറുടെ ചേംബറിലെത്തിയ സാക്ഷാൽ മാവേലി തൃശൂർ കോർപറേഷൻ മേയറോടു പറഞ്ഞു. മേയർ ചിരിച്ചുകൊണ്ട് മാവേലിയുടെ വാക്കുകൾക്ക് കാതോർത്തു. മാവേലി തുടർന്നു പറഞ്ഞു…
നാം അടുത്ത വർഷം തിരുവോണത്തിന് വരുന്പോഴേക്കെങ്കിലും ആ പുതിയ സബ് വേ ഒന്നു തുറന്നുകൊടുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്. അതുപോലെ റോഡുകൾ പാതാളത്തിലേക്കുള്ള സബ് വേ ആകാതിരിക്കാനും ശ്രദ്ധിക്കണം. പുഴയ്ക്കലും കുതിരാനുമൊന്നും മേയറുടെ കൈയിലല്ല എന്നറിയാം..എന്നാലും ബന്ധപ്പെട്ടവരോട് മാവേലിക്കുള്ള ആശങ്ക ഒന്നറിയിക്കണേ…
ഒന്നു ഗുരുവായൂര്‍ പോണംന്ന്ണ്ടായിരുന്നു. പക്ഷേങ്കില് പുഴയ്ക്കല്‍ വഴി പോയാൽ അടുത്ത ഓണത്തിനേ പാതാളത്തിലേക്ക് തിരിച്ച് പോകാൻ കഴിയൂന്നതുകൊണ്ട് ഗുരുവായൂർക്ക് പോയില്ല. അതു സാരല്യ. പക്ഷേ നമ്മുടെ പ്രജകള്‍ ഇപ്പഴും ആ വഴിക്ക് കുരുങ്ങിക്കിടക്കാണ്. കുതിരാനിലും സ്ഥിതി മാറ്റൊന്നൂല്യ… പിന്നെ പ്രധാനമായും മേയറെ കാണാൻ വന്നത് ആ കാളക്കൂറ്റന്മാരെ ഒന്നു പിടിച്ചു കെട്ടണമെന്ന് പറയാനാണ്.
അല്ലെങ്കിൽ അടുത്ത തവണ പ്രജകളെ കാണാൻ വരുന്പോൾ മഹാബലിക്കൊപ്പം ബാഹുബലിയെയും രക്ഷക്കായി കൂടെ കൊണ്ടുവരേണ്ടി വരും. പുലിക്കളിക്കിടയില്‍ ജല്ലിക്കെട്ട് കാണാൻ അവസരം കിട്ടുന്നത് നല്ലതാണെങ്കിലും തടി കേടാവുന്ന കാര്യമായതുകൊണ്ട് ജല്ലിക്കെട്ട് വേണ്ട.
ദിവാൻജിമൂലയിലെ മേൽപാലം അടുത്ത തവണ വരുന്പോഴേക്കും ശരിയാക്കുമെന്ന് കരുതട്ടെ മേയറെ…ഭരണം ജനത്തിന് ഭാരമാകരുത്. ജനക്ഷേമമാകണം. മേയർക്കതൊക്കെ നന്നായി അറിയാമല്ലോ. പുലിക്കളിക്ക് മേയർ പുലിക്കളി ചുവട് വെക്കുന്നത് കണ്ടു. ഗംഭീരമായിട്ടുണ്ട്. പുലിക്കളി തുടർന്നുകൊണ്ടുപോകാൻ സഹായിക്കണംട്ടോ..ഇത്തവണ മുൻകൂർ സഹായം നൽകിയത് കലക്കി.
ഓണം എല്ലാം കൊണ്ടും നന്നായിട്ടോ…
പറഞ്ഞ കാര്യങ്ങളൊന്ന് മനസിൽ വെക്കാതെ നടപ്പാക്കണേ മാവേലി പറഞ്ഞു നിർത്തി കൈകൂപ്പി മേയറെ അഭിവാദ്യം ചെയ്ത് മേയറുടെ മറുപടി കേൾക്കാൻ നിൽക്കാതെ ചേംബറിന് പുറത്തിറങ്ങി. പിന്നെ പതിയെ പാതാളത്തിലേക്ക് നീങ്ങി…
(എന്തുകൊണ്ട് മേയറുടെ മറുപടിക്ക് കാത്തുനിന്നില്ലെന്ന് പാതാളത്തിലേക്കുള്ള വഴിമധ്യേ ഒരു ചാനൽ റിപ്പോർട്ടർ മൈക്കുമായി എത്തി ചോദിച്ചപ്പോൾ മാവേലി പറഞ്ഞു .. മേയറുടെ വാക്കുകളല്ല പ്രവൃത്തികളാണ് ഇനിയെങ്കിലും വേണ്ടത്…..
ചാനലിൽ ബ്രെയ്ക്കിംഗ് ന്യൂസ് പൊട്ടിത്തെറിച്ചു വന്നുമേയർ പ്രസംഗം നിർത്തി പ്രവർത്തിക്കണം – മാവേലി)