പയ്യന്നൂര്‍: ഇന്ത്യയില്‍ നിലനിൽക്കുന്ന ഫെഡറല്‍ സമ്പ്രായം മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എം.വി.ഗോവിന്ദന്. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് പയ്യന്നൂര്‍ ഏരിയ സമ്മേളനം വെള്ളൂര്‍ ഗവ.ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരില്‍നിന്നും കാഷ്മീര്‍ മഹാരാജാവ് വിലക്ക് വാങ്ങിയ പ്രദേശമാണ് ജന്മുകാഷ്മീര്. പിന്നീട് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായപ്പോള്‍ ഇതില്‍നിന്നുള്ള നിലനില്‍പ്പിനും രക്ഷയ്ക്കും വേണ്ടി ഇന്ത്യയുടെ സഹായം തേടുകയും ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംരക്ഷണത്തോടൊപ്പം പ്രത്യേക പദവികള്‍ കാശ്മീരിന് അനുവദിച്ച് നല്‍കുകയുമായിരുന്നു.
അന്നുമുതല്‍ നിലനിന്നിരുന്ന ഈ പ്രത്യേക പദവികളാണ് ഇപ്പോള്‍ എടുത്തുകളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ലോകസഭയില്‍ ഇതിനുള്ള ബില്ല് വെക്കാതെ വിലക്ക് വാങ്ങാമെന്ന് ഉറപ്പുള്ള രാജ്യസഭയിലാണ് ബില്ല് അവതരിപ്പിച്ചത്. മത ധ്രുവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത്.
രണ്ടാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്ക്കരിക്കുകയാണ്. ഇന്ത്യയിലെ വ്യാവസായിക കാര്‍ഷിക പരമ്പരാഗത തൊഴില്‍ മേഖലകള്‍ സ്തംഭിച്ചതോടെ തൊഴിലില്ലായ്മയും രൂക്ഷമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത സ്വന്തം മരണവാറണ്ടില്‍ ഒപ്പിട്ടു നല്‍കിയതിന്റെ പരിണതഫലമാണ് രാജ്യം ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് പി. രമേശന് അധ്യക്ഷത വഹിച്ചു. ടി.ഗോപാലന്, ടി.വി.രാജന്, കെ. ഗോവിന്ദന്, കെ.കെ. കൃഷ്ണന്, സി.സത്യപാലന്, എം. രാഘവന്, പാവൂര്‍ നാരായണന് എന്നിവർ പ്രസംഗിച്ചു. ടി. ഗോപാലനെ പ്രസിഡന്റായും പി.രമേശനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.