സന്തോഷ് പ്രിയൻ
കൊല്ലം: എഴുത്തുകാരന്റെ സഹധർമിണിയിൽ നിന്ന് എഴുത്തിന്റെ സഹചാരിയായി മാറിയ അമ്മിണി കാക്കനാടൻ ഇനി ഓർമ. കാക്കനാടൻ എന്ന ബേബിച്ചായനോടൊപ്പമുള്ള അരനൂറ്റാണ്ടിന്റെ ഓർമകൾ പുസ്തകമായി അനുവാചകരിലെത്തിച്ച അമ്മിണി അനുഭവങ്ങൾ പങ്കുവയ്ക്കുകകൂടി ചെയ്യുന്നു.
താനൊരു എഴുത്തുകാരിയല്ലെന്നും എഴുതിക്കൂട്ടിയ കടലാസുകൂന്പാരങ്ങൾക്കരികിലിരുന്ന് ഒരാൾ ആരാധകരുടെ മനസുകളിൽ പർവതമുനന്പോളം വളരുന്നതു കണ്ടിരുന്ന ഒരു വെറും സഹൃദയമാത്രം എന്ന് അമ്മിണി കാക്കനാടൻ തന്റെ എന്റെ ബേബിച്ചായൻ എന്ന പുസ്തകത്തിൽ പറയുന്നു.
സഹധർമിണിയ്ക്കും എഴുത്തിന്റെ ചില ഗന്ധങ്ങൾ കിട്ടുമെന്ന് ഈ പുസ്തകത്തിലൂടെ അമ്മിണി കാക്കനാടൻ തെളിയിച്ചു. ബേബിച്ചായന്റെ മിക്ക കൃതികളുടേയും ആദ്യവായനക്കാരിയായതും അമ്മിണി തന്നെയാണ്. ഈ ആത്മവിശ്വാസമാണ് ബേബിച്ചായനോടൊപ്പം നടന്ന വഴികളിലൂടെ തിരിഞ്ഞുനടക്കാൻ അമ്മിണികാക്കനാടനെ പ്രേരിപ്പിച്ചത്. ആ വലിയ എഴുത്തുകാരന്റെ അനുമതി കിട്ടിയതോടെ 2007ൽ ഓർമകുറിപ്പുകൾ പുസ്തകമായി പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി.
എന്നാൽ ഭർത്താവിന്റെ രോഗം എഴുത്ത് സുഗമമാക്കാൻ കഴിയാതെ വന്നു. തുടർന്ന് 2014ൽ ആശ്രാമം ഭാസിയുടെ ഉടമസ്ഥതയിലുള്ള സങ്കീർത്തനം പബ്ലിക്കേഷൻസ് പുസ്തകം പുറത്തിറക്കി. പക്ഷെ അത് കാണാൻ എഴുത്തിന്റെ അതികായൻ കാക്കനാടൻ ഇല്ലാതെപോയി.
പ്രമുഖർ എത്തി സാഹിത്യ ചർച്ച നടത്താറുള്ള ഇരവിപുരം അർച്ചന കാക്കനാടന്റെ വേർപാടിന് ശേഷം മൂകമാണ്. അവിടെ എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്ന അമ്മിണി കാക്കനാടനും വേർപിരിഞ്ഞതോടെ ഇനിയുള്ളത് ശൂന്യതയുടെ നാളുകൾ.