കോട്ടയം: പട്ടാപ്പകൽ നഗരമധ്യത്തിലെ എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർക്കുനേരേ മുളകുപൊടി സ്പ്രേ ചെയ്തു ഒരുലക്ഷം രൂപ പിടിച്ചുപറിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. കൊറിയർ സ്ഥാപനത്തിലെ സിസിടിവിയിൽനിന്നും ലഭിച്ച ദൃശ്യങ്ങളിൽനിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതിയായ തിരുവാതുക്കൽ സ്വദേശികളായ ബാദുഷയും അഖിലുമാണു പണം കവർന്നതെന്നു പോലീസ് പറഞ്ഞു.
കോട്ടയം പോസ്റ്റ് ഓഫീസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 12.01നാണു കവർച്ച നടന്നത്. കവർച്ചയ്ക്കുശേഷം പണവുമായി കടന്നുകളഞ്ഞ സംഘം രക്ഷപ്പെടുന്നതിനിടയിൽ പണം നിലത്തുവീണു പോലീസിനു ലഭിച്ചു. ഓഫീസിലുണ്ടായിരുന്ന മാനേജർ പുതുപ്പള്ളി പുതുപ്പറന്പിൽ സനീഷ് ബാബു (25), സൂപ്പർവൈസർ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), ഇന്റർവ്യൂവിന് എത്തിയ നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്കുനേരെയാണു കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.
കുരുമുളക് പ്രയോഗത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട ജീവനക്കാർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി മടങ്ങി. പോസ്റ്റ് ഓഫീസ് റോഡിൽനിന്നും സിഎംഎസ് കോളജ് ഭാഗത്തേക്കുള്ള ഇടവഴിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് രണ്ടുപേർ എത്തിയതോടെയാണ് സംഭവങ്ങൾക്കു തുടക്കം. ഈ സമയം അവധിക്കുശേഷം ബാങ്കിൽ അടയ്ക്കാനുള്ള പണം ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തുകയായിരുന്നു. ഇന്റർവ്യൂവിന് എത്തിയ വിഷ്ണു കസേരയിൽ ഇരിക്കുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ച് ഓഫീസിലേക്ക് കടന്നെത്തിയയാൾ കയ്യിൽ കരുതിയ കുരുമുളക് സ്പ്രേ ജീവനക്കാർക്കുനേരേ പ്രയോഗിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുഖംമറച്ചയാൾ എണ്ണിതിട്ടപ്പെടുത്തി മേശപ്പുറത്തുവച്ചിരുന്ന 91,706 രൂപയുമായി കടന്നുകളയുകയായിരുന്നു. ഓണ്‍ലൈൻ വഴിയടക്കം സാധനങ്ങളുടെ ഇടപാട് നടത്തുന്ന സ്ഥാപനത്തിൽ 10 ലക്ഷത്തിൽപ്പരം രൂപയുണ്ടായിരുന്നു. ഓണാവധിയായതിനാൽ തുക ബാങ്കിൽ അടച്ചിരുന്നില്ല. ഇതു തിരിച്ചറിഞ്ഞുള്ള ആസൂത്രിതനീക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയമുണ്ട്.
ഓഫീസിൽ സൂക്ഷിച്ച പണം കെട്ടുകളാക്കി എണ്ണിതിട്ടപ്പെടുത്തി ബാങ്കിൽ അടയ്ക്കാനുള്ള നടപടികൾക്കിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഞായറാഴ്ചത്തെ കളക്ഷൻ തുകയാണ് നഷ്ടമായത്. ബഹളംകേട്ട് സമീപത്തെ സ്ഥാപനങ്ങളിൽനിന്ന് ആളുകൾ എത്തിയതോടെ മോഷ്ടാക്കൾ സമീപത്തെ തിരുനക്കര സ്വാമിയാർ മഠം ഭാഗത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ഓടിമറഞ്ഞു.
ഇതിനിടെ, 70,000 രൂപയോളം താഴെവീണു. ഇതു തിരികെ കിട്ടിയെങ്കിലും രക്ഷപ്പെട്ട സംഘത്തെ പിടികൂടാനായില്ല. കുരുമുളക് സ്പ്രേ പ്രയോഗത്തിന് ഇരയായ ജീവനക്കാരിൽനിന്നും പോലീസ് മൊഴിയെടുത്തു. രാവിലെ ഓഫീസ് തുറന്നതിനു പിന്നാലെ അക്രമിസംഘം കൊറിയർ സർവീസിലെത്തിയിരുന്നു. കൊറിയർ അയയ്ക്കാനുണ്ടെന്നു പറഞ്ഞു വിലാസവും ചോദിച്ചാണ് ഇവർ മടങ്ങിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓഫിസിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുണ്‍ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഘത്തിൽ മൂന്നു പേരുള്ളതായി പോലീസിന് സംശയമുണ്ട്. സംഘാംഗങ്ങളിൽ ഒരാളുടെ അമ്മയെ ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തിരുന്നു. ആശുപത്രിയിൽ അടയ്ക്കാൻ പണം കണ്ടെത്താനാണു കവർച്ച നടത്തിയതെന്നാണ് സംശയം.