മണർകാട്: മണർകാട് കവലയിൽ നടപ്പാക്കിയ ഗതാഗതപരിഷ്കാരം വിജയിച്ചെങ്കിലും റോഡിന്റെ ശോച്യാവസ്ഥ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കുന്നു. പോലീസും പഞ്ചായത്തും വാക്പോര് നടത്തിയ ഗതാഗതപരിഷ്കാരം സന്പൂർണവിജയം കാണണമെങ്കിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബൈപ്പാസ് റോഡ് നവീകരിക്കണം.
കവലയിലെ വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണാനും അധികൃതർ ശ്രദ്ധിക്കണം.
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാളും ഓണത്തിരക്കും മണർകാട് കവലയെ ഇത്തവണ കുരുക്കിലാക്കിയില്ല. മുൻവർഷങ്ങളിലെ പെരുന്നാൾ സമയങ്ങളിലും തിരക്കുള്ളപ്പോഴും കവല കുരുക്കിൽ മുങ്ങിയിരുന്നു. ഇത്തവണ കാര്യമായ കുരുക്ക് അനുഭവപ്പെട്ടില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബൈപ്പാസ് റോഡ് നവീകരിക്കാനോ ടാറിംഗ് നടത്തുവാനോ പെരുന്നാൾ, ഓണത്തിരക്ക് സമയങ്ങളിൽ സാധിച്ചില്ല. റോഡ് ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കണമെന്നു പോലീസും നാട്ടുകാരും പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടത്തിയില്ല.
മണർകാട് പെരുന്നാളിനു മുന്നോടിയായി മുൻവർഷങ്ങളിൽ സമീപത്തെ പഞ്ചായത്ത് റോഡ് പഞ്ചായത്തും പൊതുമാരാമത്ത് റോഡ് പിഡബ്ല്യുഡിയും അറ്റകുറ്റപ്പണികൾ നടത്തുക പതിവാണ്. ഏറ്റവും തിരക്കേറിയ ബൈപ്പാസ് റോഡ് അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പള്ളി അധികൃതരോട് ആവശ്യപ്പെട്ടെന്ന ആരോപണമുണ്ട്.
പെരുന്നാളിന്റെ ആദ്യദിനങ്ങളിൽ ബൈപ്പാസ് റോഡിൽ വലിയഗർത്തങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ പാറമടയിലെ വേസ്റ്റ് നിരത്തി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. മണർകാട് കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളുകളായി പോലീസ് നടത്തിയ ശ്രമങ്ങളാണു വിജയത്തിലെത്തിയത്. പരിഷ്കാരത്തെ ഒരുവിഭാഗം എതിർത്തെങ്കിലും പോലീസ് ഗൗനിച്ചില്ല.
കവലയ്ക്കു മുന്പു തന്നെ ട്രാഫിക് പരിഷ്കാരം സൂചിപ്പിക്കുന്ന ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. പഴയ ബോർഡുകൾ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ഇപ്പോഴും കവലയിലെത്തിയാൽ മാത്രമേ ഗതാഗതത്തെപ്പറ്റി വ്യക്തമായ സൂചന ലഭിക്കുകയുള്ളൂ. മറ്റു ചെറുറോഡുകൾ വഴി യാത്രചെയ്യുന്നവർക്ക് ദിശാ ബോർഡുകൾ സ്ഥാപിച്ചാൽ ഗുണകരമാകും.
പുതുപ്പള്ളി റോഡിലൂടെ വരുന്നവർക്കു കോട്ടയം ഭാഗത്തേക്കു പോകുന്നതിനും തിരിച്ചും തലപ്പാടി കഴിഞ്ഞു ഇടത്തോട്ടു തിരിഞ്ഞു ഐരാറ്റുനടയിലെത്താവുന്ന റോഡ് ഉപയോഗിക്കാം. ഈ റോഡിന്റെ ശോച്യാവസ്ഥയാണു ഏറെപ്പേരും ഇതൊഴിവാക്കാൻ ഇടയാക്കുന്നത്. ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.
കെകെ റോഡിൽ ബേസ് ആശുപത്രിക്കു മുന്നിൽനിന്നും ഇടത്തേക്ക് തിരിഞ്ഞു മണർകാട് റോഡിൽ എത്താവുന്ന റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. പുതുപ്പള്ളി റോഡിൽനിന്നും പാന്പാടി ഭാഗത്തേക്കു പോകുന്നവർക്കാണു പരിഷ്കാരംമൂലം ഏറ്റവും ബുദ്ധിമുട്ട്. കവല ചുറ്റിയാൽ മാത്രമേ സാധിക്കുകയുള്ളു. ഇതിനും പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.