സ്വന്തം ലേഖകൻ
തലശേരി: സംസ്ഥാനത്ത് ടെലി മാർക്കറ്റിംഗിന്റെ മറവിൽ വൻ തട്ടിപ്പ്. നാപ്റ്റോൾ എന്ന ടെലി മാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പാണ് അരങ്ങേറിയിട്ടുള്ളത്. തട്ടിപ്പിനിരയായവരിൽ കൂടുതലും വീട്ടമ്മമാരാണ്. തട്ടിപ്പ് സംഘത്തിൽ മലയാളിയും ഉള്ളതായി റിപ്പോർട്ട്.
ദൃശ്യമാധ്യമങ്ങളിലൂടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന പരസ്യം കണ്ട് ഓൺ ലൈൻ ഷോപ്പിംഗ് നടത്തിയ വീട്ടമ്മമാരാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം തലശേരിയിലെ ഒരു വീട്ടമ്മക്ക് സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 25 ലക്ഷം രൂപ ലഭിച്ചതായി അറിയിപ്പ് എത്തുകയായിരുന്നു. രജിസ്ട്രേഡ് തപാലിൽ എത്തിയ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ സ്ക്രാച്ച് ചെയ്തപ്പോഴാണ് 25 ലക്ഷം രൂപ അടിച്ചതായി കണ്ടത്.
തപാലിലുണ്ടായിരുന്ന കത്തിൽ 25 ലക്ഷം രൂപയും അക്കൗണ്ടിൽ വരുമെന്നും എല്ലാ നികുതികളും വിജയി സർക്കാരിൽ അടയ്ക്കണമെന്നും തുക നൽകുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയമമനുസരിച്ചായിരിക്കുമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ്, പാൻ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ അയച്ചു നൽകണമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ന്യൂ ഡൽഹി കൊണാട്ട് പ്ലസ് വിലാസം രേഖപ്പെടുത്തിയിട്ടുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് ബുർധവൻ എന്ന സ്ഥലത്തു നിന്നാണ്.
നാപ്റ്റോളിന്റെ ദൃശ്യമാധ്യമങ്ങളിൽ കാണുന്ന നമ്പറിൽ വിളിക്കരുതെന്ന നിർദ്ദേശവും കത്തിലുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള കത്തിൽ ക്യൂ ആർ കോഡുമുണ്ട്. കത്തിലുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ നികുതി ഇനത്തിൽ 1,75,000 രൂപ അഡ്വാൻസായി സ്റ്റേറ്റ് ബാങ്കിൽ നിക്ഷേപിക്കാനുള്ള നിർദേശമാണ് ലഭിച്ചത്.
മലയാളിയാണ് കോൾ അറ്റൻഡ് ചെയ്തത്. തുടർന്ന് പണം അക്കൗണ്ടിലിടീക്കാനുള്ള സമ്മർദ്ദവുമുണ്ടായി. ഇത്തരത്തിൽ സമ്മാനമടിച്ച പലരും പണം ബാങ്കുകളിലടച്ചതായി പ്രാഥമിക അന്വേഷണത്തി വ്യക്തമായിട്ടുണ്ട്. വീട്ടമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കേരളത്തിലുടനീളം തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.