തൃശൂർ: അവസാനത്തെ കവിത മരണത്തെക്കുറിച്ചെഴുതി കവയിത്രിയും ഗവേഷകയുമായ ഡോ. സി.പി. രത്നകുമാരി(54) യാത്രയാകുന്നതു പൂർത്തിയാക്കാനാവാതെ പോയ വലിയൊരു സ്വപ്നം ബാക്കിവച്ചാണ്. ഒരുപാട് എഴുതിയെങ്കിലും ഒന്നും പ്രസിദ്ധീകരിക്കാതിരുന്ന എഴുത്തുകാരിയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.
2003 മുതൽ 2013 വരെ എഴുതിയ 163 പുസ്തകങ്ങളുടെ കൈയെഴുത്തുപ്രതികൾ ഇവർ മരിച്ചപ്പോൾ ഈറോഡിലുള്ള വാടകവീട്ടിൽ അവശേഷിക്കുന്നു. സ്വന്തമായി ട്രസ്റ്റ് രൂപീകരിച്ച് സ്വന്തമായി പ്രസിദ്ധീകരണ ശാല തുടങ്ങി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകാണാനാണ് രത്നകുമാരി ആഗ്രഹിച്ചിരുന്നത്. നോവലിസ്റ്റായ ഭർത്താവ് മുതുവറ അച്യുതനും ഇതിനായി പ്രയത്നിച്ചിരുന്നു. ഇതിനുള്ള ശ്രമങ്ങൾ നടത്തിവരവെയാണ് അകാല ത്തിൽ അന്ത്യം.
2221 കവിതകളും അഞ്ചു മഹാകാവ്യങ്ങളും അടങ്ങിയ നിറവ് എന്ന മലയാള കാവ്യപ്രപഞ്ചം ഉൾപ്പെടെ ഒന്നും പ്രസിദ്ധീകൃതമായിട്ടില്ല. ദേവസ്മിത, നന്ദായനം, ദഹനം, മണ്ഡോദരി വിലാപം എന്നിവയാണ് മഹാകാവ്യങ്ങൾ. 6540 വരികളുള്ള ദേവസ്മിത 150 അധ്യായങ്ങളുണ്ട്. മിത്രാനന്ദ, മന്ദാകിനി, അമ്മ, സരയു, ഉറവ എന്നീ ഖണ്ഡകാവ്യങ്ങൾ വേറെയുമുണ്ട്.
പുറനാട്ടുകര സംസ്കൃത കോളജിൽനിന്നും പഠനം പൂർത്തിയാക്കി ലോകതത്വചിന്തകളെ താരതമ്യം ചെയ്തുള്ള പഠനത്തിനു ഡോക്ടറേറ്റ് നേടിയ ഡോ. രത്നകുമാരി ഈറോഡ് മഹാരാജാസ് കോളജിൽ അധ്യാപികയായിരുന്നു. 2000 മുതൽ കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. കാൻസർ ഭേദമായെങ്കിലും ശ്വാസകോശസംബന്ധമായ അസുഖം കാരണം ചികിത്സയിലിരിക്കെയാണ് ഡോ. രത്നകുമാരി കഴിഞ്ഞാഴ്ച തൃശൂരിലെ ആശുപത്രിയിൽ മരിച്ചത്. മരിക്കുന്നതിന് ഏതാനും ദിവസം മുന്പ് അവസാനമായി രചിച്ച കവിതയും മരണത്തെക്കുറിച്ചായിരുന്നു.