തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ് അച്യുതാനന്ദൻ. നിയമങ്ങൾ ലംഘിച്ച് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുന്പോഴെല്ലാം നീതിപീഠങ്ങളിൽനിന്ന് സ്റ്റേ സന്പാദിച്ച ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബിൽഡർമാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും വി.എസ് പത്രക്കുറിപ്പിൽ പറഞ്ഞു.
നിർമ്മാണത്തിൻറേയും വിറ്റഴിക്കലിൻറേയും ഘട്ടങ്ങളിൽ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂർത്തിയാവുന്പോൾ അതിൻറെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നിൽക്കലാവും.
സമൂഹത്തിലെ ചില വന്പൻമാർക്ക് സൗജന്യമായി ഫ്ലാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ട്. പാറ്റൂർ ഫ്ലാറ്റ് ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താൻ നിയമ നടപടി സ്വീകരിച്ചുവരികയാണെന്നും വി.എസ് പറയുന്നു. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തിൽ കേസ് നടത്തുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടാനുള്ളത്. ഇപ്പോൾ നിയമ നടപടി തുടരുന്ന ഫ്ലാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും നിലപാട് ചർച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിന്പട്ടികയിൽ പെടുത്തുകയും അവർക്കും, വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് പ്രചോദനം നൽകിയവരുമായ എല്ലാവർക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് പറഞ്ഞു.