കോഴിക്കോട്: എടിഎമ്മിന് മുന്നില്‍ ക്യൂനിന്ന് ഇനി പണം പിന്‍വലിക്കേണ്ട… ആവശ്യത്തിനുള്ള പണം വീട്ടിലെത്തിച്ചു നല്കാന് പോസ്റ്റ്മാന്മാര് തയാറാണ്. ഏത് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാനും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനും സ്വന്തം അക്കൗണ്ടിലെ ബാലന്‍സ് അറിയാനുമുള്ള സൗകര്യത്തോടു കൂടിയാണ് തപാല്വവകുപ്പ് ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) നടപ്പിലാക്കിയത്.
മൈക്രോ എടിഎം ആപ്പും മൊബൈൽ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റ്മാന്മാർക്ക് നൽകിയാണ് തപാൽവകുപ്പ് പുതിയ സംവിധാനമൊരുക്കിയത്. ഓരോ ബാങ്കും നിശ്ചയിക്കുന്നത്ര തുക പിന്‍വലിക്കാനാവും. പുതിയ പദ്ധതി ജനപ്രീതി നേടുന്നുണ്ടെന്ന് ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്ക് അസി.മാനേജര്‍ പി.ആനന്ദ് ‘രാഷ്ട്രദീപിക’ യോട് പറഞ്ഞു.
യൂസർനെയിമോ പാസ് വേഡോ നൽകാതെ പൂർണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവർത്തിക്കുന്നത്. കേരള സർക്കിളിന് കീഴിലെ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരിൽ 7,196 പേരും പുതിയ സേവനം നൽകാൻ സജ്ജരായി. പോസ്റ്റോഫിസുകളിൽ നേരിട്ടത്തിയാലും ഇതേ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സംസ്ഥാനത്തെ 5,064 പോസ്റ്റോഫിസുകളിൽ 4,742ലും പുതിയ സൗകര്യമുണ്ട്. തപാൽവകുപ്പിന്റെ പേമന്റ് ബാങ്കായ ഐപിപിബിക്ക് (ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്ക്) അനുബന്ധമായാണ് എഇപിഎസ് പ്രവർത്തിക്കുന്നത്.ഓണ്‍ലൈന്‍ ഇടപാടുകളിൽ പ്രാവീണ്യമില്ലാത്തവർക്കും ബാങ്കുകളിലെത്താൻ കഴിയാത്തവർക്കും വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
ഒന്നിലധികം ബാങ്കുകളുടെ സേവനം ഒരു പ്ലാറ്റ്ഫോമിൽ ഏകോപിക്കുന്നുവെന്നാണ് എഇപിഎസിന്റെ മറ്റൊരു സവിശേഷത. പോസ്റ്റൽ പേമന്റ് ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും എഇപിഎസ് സേവനങ്ങൾ ലഭ്യമാണ്. പോസ്റ്റ്മാന്റെ കൈവശമുള്ള മൊബൈൽ ആപിൽ അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിലെ ക്യൂആർ കോഡ് എന്നിവ നൽകിയാണ് എഇപിഎസിലേക്ക് പ്രവേശിക്കുന്നത്.
ഏത് രീതി സ്വീകരിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ നൽകിയാലേ തുടർന്ന് മുന്നോട്ടുപോകാനാകൂ.ആവശ്യമായ പണം അടിച്ചുനൽകിയാൽ അത് അക്കൗണ്ടിൽനിന്ന് കുറയും. പോസ്റ്റ്മാൻ ആ തുക നൽകും. അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസായി പിൻവലിച്ച വിവരമെത്തുകയും ചെയ്യും.
പോസ്റ്റ്ഓഫീസില്‍ നേരിട്ടെത്തി ബാങ്ക് ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ സൗജന്യമായാണ് സൗകര്യമൊരുക്കുന്നത്. പോസ്റ്റ്മാന് വീട്ടിലെത്തി പണം പിന്‍വലിക്കുകയാണെങ്കില്‍ 25 രൂപയും നികുതിയും ഈടാക്കും. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് 15 രൂപയും ടാക്സുമാണ് ഈടാക്കുന്നത്.
എഇപിഎസ് സേവനം നൽകുന്ന പോസ്റ്റുമാന്മാരുടെ ജില്ല തിരിച്ചുള്ള എണ്ണം:
തിരുവനന്തപുരം 628
കൊല്ലം 474
ആലപ്പുഴ 470
പത്തനംതിട്ട 355
ഇടുക്കി 321
കോട്ടയം 544
എറണാകുളം 612
തൃശൂർ 867
പാലക്കാട് 719
മലപ്പുറം 466
കോഴിക്കോട് 604
വയനാട് 217
കണ്ണൂർ 586
കാസർകോട് 333