പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പര്യടനം ഇന്നു തലനാട് പഞ്ചായത്തിൽ. രാവിലെ എട്ടിനു തലനാട് പഞ്ചായത്തിലെ മേലടുക്കത്തു നിന്ന് പര്യടനം ആരംഭിച്ചു. നൂറുകണക്കിനാളുകളാണ് ഓരോ പോയിന്റുകളിലും പങ്കെടുക്കുന്നത്. ജോസ് ടോമിന്റെ ചിഹ്നമായ പൈനാപ്പിളും സ്വീകരണ സ്ഥലങ്ങളിൽ കൊണ്ടുവരുന്നുണ്ട്. കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥിയുടെ ചിഹ്നത്തിനൊപ്പം കെ.എം മാണിയുടെ ഛായാചിത്രവുമായാണ് പ്രവർത്തകർ എത്തുന്നത്.
ഇന്നലെ രാവിലെ കരൂർ പഞ്ചായത്തിലെ അന്തിനാട്ടിൽ കൊടിക്കുന്നിൽ സുരേഷ് എംപി തുറന്ന വാഹനത്തിലെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യപ്പാൾ, അന്ത്യാളം, പഞ്ചായത്ത് ജംഗ്ഷൻ, നെച്ചിപ്പുഴൂർ ബാങ്ക് ജംഗ്ഷൻ, ലക്ഷം വീട്, നെല്ലാനിക്കാട്ടുപാറ, മങ്കൊന്പ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വലവൂരിൽ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് രാമപുരം പഞ്ചായത്തിലെ പര്യടനം ചക്കാന്പുഴ ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്.
കൊണ്ടാട്, കുടപ്പുലം, ചേറ്റുകുളം, ആനിച്ചുവട് ജംഗ്ഷൻ, അമനകര, ഏഴാച്ചേരി ബാങ്ക് ജംഗ്ഷൻ, രാജീവ് നഗർ എന്നിവിടങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.പിമാരായ കെ.സുധാകരൻ, കെ.മുരളീധരൻ, ആന്റോ ആന്റണി, ജോസ് കെ.മാണി, തോമസ് ചാഴികാടൻ, നേതാക്കളായ ജോണി നെല്ലൂർ, ശിവദാസൻ നായർ, സി.പി ജോണ് , റോഷി അഗസ്റ്റിൻ, കെ.സി ജോസഫ് എന്നിവർ വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തു.
ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം മാണി സി കാപ്പൻ ഇന്ന്
പാലാ: എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ഇന്ന് ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ എട്ടിന് ചൂണ്ടച്ചേരി കോളജ് ജംഗ്ഷനിൽനിന്ന് പര്യടനം ആരംഭിച്ചു. പര്യടന കേന്ദ്രങ്ങളിലെല്ലാം ഉജ്ജ്വല സ്വീകരണമാണ് മാണി സി കാപ്പന് ലഭിക്കുന്നത്.
സ്ത്രീകളും യുവാക്കളും കുട്ടികളും പിന്തുണയേകി പര്യടന പോയിന്റുകളിൽ എത്തുന്നുണ്ട്. രാമപുരം പഞ്ചായത്തിലെ മുല്ലമറ്റത്തു നിന്നാണ് ഇന്നലെ പര്യടനത്തിനു തുടക്കം കുറിച്ചത്. വലിയ ഒരു ജനക്കൂട്ടം സ്ഥാനാർഥിയെ കാത്തു നിന്നു. ബലൂണുകളും കൊടിതോരണങ്ങളും ഉയർത്തി ഉത്സവ പ്രതീതിയിലാണ് മുല്ലമറ്റം ഗ്രാമം. സ്ഥാനാർഥി എത്തിയപ്പോൾ രണ്ടു കുരുന്നു കുട്ടികൾ ചേർന്ന് റോസാപുഷ്പം നൽകി സ്വീകരിച്ചു. മന്ത്രി പി തിലോത്തമൻ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാണി സി കാപ്പൻ ചെറിയ വാക്കുകളിൽ വോട്ടഭ്യർഥിച്ചു.
കുറിഞ്ഞിയിലും നെല്ലാപ്പാറയിലും സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് സ്ഥാനാർഥിയെ കാത്തു നിന്നത്. കിഴതിരി, അമനകര എന്നിവിടങ്ങളിലും സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞു കവിഞ്ഞ് ആളുകളുണ്ടായിരുന്നു. നെല്ലാപ്പാറയിൽ രണ്ടു കുട്ടികൾ സ്ഥാനാർഥിയുടെ ചിത്രം പതിച്ച ക്ലോക്ക് സമ്മാനിച്ചു. രാമപുരത്ത് കർഷകർ റബർ ഷീറ്റു നൽകിയാണ് മാണി സി കാപ്പനെ വരവേറ്റത്.
രാമപുരം ജംഗ്ഷനിലെ സ്വീകരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലക്ഷം വീട് ഭാഗത്തു നിന്നുമാണ് കരൂർ പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. നെച്ചിപ്പുഴൂർ, അന്ത്യാളം, പയപ്പാർ, നെടുംന്പാറ, വലവൂർ, മുറിഞ്ഞാറ, താമരക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം വന്പിച്ച സ്വീകരണമാണ് സ്ഥാനാർഥിക്കു ലഭിച്ചത്.
പര്യടനം സജീവമാക്കി എൻ ഹരിയും
പാലാ: എൻഡിഎ സ്ഥാനാർഥി എൻ.ഹരിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ മുത്തോലി പഞ്ചായത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം പിറന്നാൾ ദിനത്തിൽ രാവിലെ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ, അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ അനിഴം നാളിൽ പുഷ്പാഞ്ജലി നടത്തി പ്രാർഥിച്ചാണ് ഹരിയുടെ ഇന്നലത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
മുത്തോലി പഞ്ചായത്തിലെ മീനച്ചിലിൽ എത്തിയ സ്ഥാനാർഥി എൻ.ഹരിക്കും സംസ്ഥാന നേതാക്കൾക്കും ആരതി ഉഴിഞ്ഞും കുങ്കുമം തൊട്ടും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അനിഴം നാളിന്റെ വൃക്ഷമായ ലക്ഷ്മിതരുവിന്റെ തൈ സ്ഥാനാർഥി പാതയോരത്ത് നട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനാണു പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം സ്ഥാനാർഥിയുടെ ഹ്രസ്വമായ മറുപടി പ്രസംഗം. മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ പര്യടനം സമാപനം. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, വി.കെ.സജീവൻ, പ്രഫ.ബി.വിജയകുമാർ, ശ്രീനഗരി രാജൻ, പ്രഫ.വി.ടി.രമ, രമ്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.