കാലാവസ്ഥാ വ്യതിയാനം ലോകത്തെ മാറ്റിമറിക്കുമെന്ന് സൂചന. പല മേഖലകളിലും ഇപ്പോള്‍ ആയിരത്തിന് മേല്‍ കിലോമീറ്ററുകള്‍ അകലയുള്ള പ്രദേശത്തിനു സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അമേരിക്കയിലെ ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന പല നഗരങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത് മധ്യ-ദക്ഷിണ അമേരിക്കയിലെ കാലാവസ്ഥയാണെന്ന പുതിയ പഠനങ്ങള്‍ ഇതിനു തെളിവാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ലോകത്തെ അഞ്ചിലൊന്ന് നഗരങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മാറ്റങ്ങള്‍ 2050 ഓടെ അനുഭവപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒരു പഠനത്തില്‍ മാത്രമല്ല തുടര്‍ച്ചയായി നടന്ന പല പഠനങ്ങളിലും നഗരങ്ങളില്‍ സംഭവിക്കാനാരിക്കുന്ന ഈ വലിയ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജനസഖ്യാ സാന്ദ്രത കണക്കിലെടുത്താണ് കാലാവസ്ഥാ മാറ്റം നഗരങ്ങളിലുണ്ടാക്കുന്ന മാറ്റത്തേക്കുറിച്ച് ഈ പഠനങ്ങള്‍ നടത്തിയതും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പഠനം വടക്കേ അമേരിക്കയെ കേന്ദ്രീകരിച്ചായിരുന്നു. ഈ പഠനത്തിലാണ് വടക്കേ അമേരിക്കയിലെ ഒരു നഗരത്തിലെ താപനില 2050 ആകുമ്പോഴേക്കും മെക്സിക്കോയ്ക്കു തുല്യമാകുമെന്ന് ഗവേഷകര്‍ പറയുന്നത്.
സൂറിച്ചിലെ ക്രൗതര്‍ ലാബ് നടത്തിയ പഠനം ഈ സമാനമായ മുന്നറിയിപ്പ് ലോകത്തെ അനവധി നഗരങ്ങള്‍ക്ക് നല്കുന്നു. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഭൂമിയിലെ 520 നഗരങ്ങള്‍ക്കാണ് സമാനമായ തോതില്‍ താപനില വര്ധിക്കാന്പോകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് അഥവാ ഐപിസിസി യുടെ കാലാവസ്ഥാ മാതൃകകളെ അടിസ്ഥാനമാക്കിയാണ് ഈ നഗര കേന്ദ്രീകൃത പഠനങ്ങളെല്ലാം നടന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞാലും ഉണ്ടായേക്കാവുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ കണക്കിലെടുത്താണ് ഐപിസിസി കാലാവസ്ഥാ മാതൃകകള്‍ തയാറാക്കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ പര്യാപ്തമാവില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
.ഉദാഹരണത്തിന് ഇനി യൂറോപ്പിലെ എല്ലാ രാജ്യങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഒഴിവാക്കിയാലും ലണ്ടന്‍ നഗരത്തിലെ 2050 ലെ താപനില ഇപ്പോഴത്തെ ബാഴ്സലോണയ്ക്കു തുല്യമാകും. അതായത് കൂടുതല്‍ ചൂടും, മഴയും, അനുഭവപ്പെടുകയും മഞ്ഞുവീഴ്ചയും മറ്റും ഒരു പക്ഷേ പൂര്‍ണമായി നിലയ്ക്കുകയും ചെയ്യും.
മറ്റ് ചില നഗരങ്ങളിലെ പുതിയ താപനില കൂടി പഠനം വിവരിക്കുന്നുണ്ട്. യുഎസിലെ സിയാറ്റിലിലെ കാലാവസ്ഥ സാന്‍ഫ്രാന്‍സിസ്കോയ്ക്ക് തുല്യമായിരിക്കും. സ്റ്റോക്ഹോം ബുഡാപെസ്റ്റിനോടു സാമ്യമുള്ള താപനിലയിലെത്തും. പാരിസ് കാന്ബെറയ്ക്കു സമാനമായ സാഹചര്യത്തിലേക്കെത്തും. ഐസ്ലന്ഡിലെ റെഷവിക് മേഖല ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ പ്രദേശത്തിനു സമാനമായ കാലാവസ്ഥയിലെത്തും. അതായത് ഇപ്പോള്‍ ശൈത്യമേഖലയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെയെല്ലാം താപനില വൈകാതെ കൂടുതല്‍ ഉഷ്ണ മേഖലാരീതീയിലേക്കു മാറുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ 520 നഗരങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാനുള്ള പഠനത്തിനായി വിധേയമാക്കിയത്. ഈ നഗരങ്ങളെയെല്ലാം ഉള്‍പ്പടുത്തി ഒരു ഡിജിറ്റല്‍ ഇന്ററാക്ടീവ് മാപ്പും ഗവേഷകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഈ 520 നഗരങ്ങളിലെ 77 ശതമാനത്തിലും 2050 ഓടെ മേല്‍പ്പറഞ്ഞ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകും. അതേസമയം ശേഷിക്കുന്നവയില്‍ 22 ശതമാനം നഗരങ്ങളിലെ കാലാവസ്ഥ ഭൂമിയില്‍ ഇതുവരെ അനുഭവപ്പെടാത്തത്ര വിചിത്രമായിരിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.