കോട്ടയം: നഗര മധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ കുരുമുളക് സ്പ്രേയടിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. തിരുവാതുക്കൽ സ്വദേശി അഖിൽ, തിരുവാർപ്പ് സ്വദേശി ബാദുഷ എന്നിവരെ ഇന്നു പുലർച്ചെയാണ് പിടികൂടിയത്. പിടികൂടുന്പോൾ നല്ല മദ്യലഹരിയിലായിരുന്നു പ്രതികൾ. അതിനാൽ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
മോഷണം, തട്ടിപ്പ് , പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ സ്പെഷൽ സ്ക്വാഡിലെ സമർഥരായ പോലീസുകാരാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കൊറിയര#് സ്ഥാപനത്തിൽ തെളിവെടുപ്പിന് കൊണ്ടുവരും. കോട്ടയം പോസ്റ്റ് ഓഫിസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവിസ് ഓഫീസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നാണ് കവർച്ച നടന്നത്.
ഒരു ലക്ഷത്തോളം രൂപ പ്രതികൾ കവർച്ച ചെയ്തു. കവർച്ചയ്ക്കുശേഷം പണവുമായി കടന്നുകളഞ്ഞ സംഘം രക്ഷപെടുന്നതിനിടയിൽ കുറെ പണം നിലത്തുവീണു പോലീസിനു ലഭിച്ചു. ഓഫീസിലുണ്ടായിരുന്ന മാനേജർ പുതുപ്പള്ളി പുതുപ്പറന്പിൽ സനീഷ് ബാബു (25), സൂപ്പർവൈസർ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), ഇൻറർവ്യൂവിന് എത്തിയ നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്കുനേരെയാണു കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.
പോസ്റ്റ് ഓഫിസ് റോഡിൽനിന്നും സിഎംഎസ് കോളജ് ഭാഗത്തേക്കുള്ള ഇടവഴിയിലാണ് കൊറിയർ സ്ഥാപനം പ്രവർത്തിക്കുന്നത്. ഓണ അവധിക്കുശേഷം ബാങ്കിൽ അടയ്ക്കാനുള്ള പണം ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തുന്പോഴാണ് മോഷ്ടാക്കൾ ഞൊടിയിടെ വന്ന് തട്ടിയെടുത്തത്. ഇൻറർവ്യൂവിന് എത്തിയ വിഷ്ണു കസേരയിൽ ഇരിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച് ഓഫീസിലേക്ക് കടന്നെത്തിയയാൾ കൈയിൽ കരുതിയ കുരുമുളക് സ്പ്രേ ജീവനക്കാർക്കു നേരേ പ്രയോഗിച്ചു.
ഒപ്പമുണ്ടായിരുന്ന മുഖം മറച്ചയാൾ മേശപ്പുറത്തിരുന്ന 91,706 രൂപയെടുത്ത് കടന്നുകളയുകയായിരുന്നു. ഓണ്ലൈൻ വഴിയടക്കം സാധനങ്ങളുടെ ഇടപാട് നടത്തുന്ന സ്ഥാപനത്തിൽ 10 ലക്ഷത്തിൽപ്പരം രൂപയുണ്ടായിരുന്നു. ഓണാവധിയായതിനാൽ തുക ബാങ്കിൽ അടച്ചിരുന്നില്ല. ഇതു തിരിച്ചറിഞ്ഞ് ആസൂത്രിത നീക്കമാണ് പ്രതികൾ നടത്തിയത്.
ഞായറാഴ്ചത്തെ കളക്ഷൻ തുകയാണ് നഷ്ടമായത്.
ബഹളംകേട്ട് സമീപത്തെ സ്ഥാപനങ്ങളിൽനിന്ന് ആളുകൾ എത്തിയതോടെ മോഷ്ടാക്കൾ സമീപത്തെ ഇടവഴിയിലെ മതിൽചാടി രക്ഷപ്പെട്ടു. ഇതിനിടെ, 70,000ത്തിൽപരം രൂപ താഴെവീണു. ഇതു തിരികെ കിട്ടി. രാവിലെ ഓഫീസ് തുറന്നതിനു പിന്നാലെ ആക്രമിസംഘം കൊറിയർ സർവിസിലെത്തിയിരുന്നു. കൊറിയർ അയയ്ക്കാനുണ്ടെന്നു പറഞ്ഞു വിലാസവും ചോദിച്ചാണ് ഇവർ മടങ്ങിയത്.
കവർച്ചയ്ക്കു ശേഷം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡിലെത്തി ഓട്ടോറിക്ഷയിലാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓഫീസിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.