ഇരിങ്ങാലക്കുട: പാർക്കിംഗ് പ്രശ്നത്തെചൊല്ലി ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച സംഭവത്തെ തുടർന്ന് വിവാദത്തിലായ മാപ്രാണം വർണ തിയേറ്റർ നഗരസഭ പൂട്ടി സീൽ ചെയ്തു. നഗരസഭ സെക്രട്ടറി റവന്യു വിഭാഗത്തിന് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.
തിയേറ്ററിൽ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം നഗരസഭ അധികൃതർ തിയേറ്റർ നടത്തിപ്പുകാരന് നോട്ടീസ് നൽകിയിരുന്നു. സംവിധാനങ്ങൾ ഒരുക്കാൻ സമയം അനുവദിക്കണമെന്ന് അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്ന് ഈ മാസം ആദ്യം തിയേറ്ററിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വീണ്ടും നോട്ടീസ് നൽകി. എന്നാൽ തിയേറ്റർ തുടർന്നും പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് തിയേറ്റർ നടത്തിപ്പുകാരനും സംഘവും അയൽവാസിയെ വെട്ടിക്കൊന്നത്. സംഭവത്തിൽ ഉണ്ടായ ജനരോഷത്തിന്റെയും കൂടി അടിസ്ഥാനത്തിലാണ് തിയേറ്റർ അടിയന്തിരമായി പൂട്ടി സീൽ ചെയ്യാൻ റവന്യു വിഭാഗത്തിന് നിർദേശം നൽകിയത്.
ഇതിനിടയിൽ സംഭവത്തിലെ പ്രധാന പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ തിയേറ്ററിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗണ്‍സിലർ സി.സി. ഷിബിന്റെ നേതൃത്വത്തിൽ തളിയക്കോണം നിവാസികളും കൊല്ലപ്പെട്ട വാലത്ത് രാജന്റെ ബന്ധുക്കളും നഗരസഭയ്ക്ക് നോട്ടീസ് നൽകി.
തിയേറ്ററിന്റെ പാർക്കിംഗ് വിഷയവും ഇതേചൊല്ലി കാലങ്ങളായിട്ടുണ്ടാകുന്ന പ്രശ്നങ്ങളും ജീവനക്കാരുടെ ഭീഷണികളും ഇപ്പോഴുണ്ടായ മരണവും ചൂണ്ടിക്കാട്ടി നടത്തിപ്പുകാരൻ സഞ്ജയ് രവിയുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും സ്ഥാപനത്തിന്റെ പ്രവർത്തനം നിറുത്തിവെക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.